ബേപ്പൂർ തുറമുഖം: നഷ്ടപരിഹാരം വൈകുന്നു

കോഴിക്കോട് ബേപ്പൂര്‍ തുറമുഖത്തിനായി ഭൂമി വിട്ടുനല്‍കിയിട്ടും നഷ്ടപരിഹാരം വൈകുന്നതിനെതിരെ ഭൂഉടമകള്‍ കോടതിയെ സമീപിക്കുന്നു. ഇരുപത്തിയൊന്നുപേര്‍ക്കാണ് നഷ്ടപരിഹാരം ലഭിക്കാനുള്ളത്. പുനരധിവാസം നല്‍കാത്തതിനാല്‍ തകര്‍ന്ന വീടുകളിലാണ് കുടുംബങ്ങളുടെ താമസം. 

3.83 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്തത്. മൂന്നുകുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കണം. പുനരധിവാസ പാക്കേജില്‍ തീരുമാനമാകാത്തതിനാല്‍ ഇവരുടെ ഭൂമി റജിസ്ട്രേഷന്‍ നീട്ടികൊണ്ടുപോവുകയാണ്. നഷ്ടമാകുന്ന കൃഷിയിടത്തില്‍ പണം മുടക്കാന്‍ ആര്‍ക്കും ധൈര്യമില്ല. വീടുകളുടെയും കാര്യവും അങ്ങനെതന്നെ. 

ഭൂമി ഏറ്റെടുത്ത് കൈമാറാന്‍ റവന്യൂവകുപ്പിന് 27 കോടി രൂപ തുറമുഖവകുപ്പ് കൈമാറിയിരുന്നു. നടപടിക്രമങ്ങളിലെ കാലതാമസമാണ് നഷ്ടപരിഹാരം വൈകാന്‍ കാരണം. ആറുമാസംമുന്‍പ് ഭൂമി രേഖാമൂലം കൈമാറിയിട്ടും പണം ലഭിക്കാത്തതിനാല്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കുടുംബങ്ങള്‍.