കാട്ടാനശല്ല്യത്തിൽ വലഞ്ഞ് എടക്കര; തൊടുന്യായങ്ങളുമായി വനം വകുപ്പ്

കാട്ടാനശല്ല്യത്തിനെതിരെ പ്രതിഷേധവുമായി മലപ്പുറം എടക്കര മൂത്തേടത്തെ കര്‍ഷകര്‍.  കാര്‍ഷിക മേഖലയില്‍ കാട്ടാനക്കൂട്ടം നാശം വിതക്കുന്നത് പതിവായിട്ടും വനം ഉദ്യോഗസ്ഥര്‍ അനങ്ങുന്നില്ലെന്നാണ് പരാതി. 

ബാങ്കുവായ്പയെടുത്ത് കൃഷി നടത്തിയ കര്‍ഷരില്‍ ഭൂരിഭാഗം പേര്‍ക്കും കാട്ടാനശല്ല്യം രൂക്ഷമായതോടെ വിളവെടുക്കായില്ല. വനത്തില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ ദൂരെയുളള കാര്‍ഷിക ഭൂമിയില്‍ വരെ പതിവായി കാട്ടാനക്കൂട്ടം എത്തുന്നുണ്ട്. ഇങ്ങനെ കൃഷി നശിച്ച ഒട്ടേറെ കര്‍ഷകര്‍ കടക്കെണിയിലാണ്.

ആനക്കൂട്ടത്തിന് മുന്നില്‍ നിന്ന് നാട്ടുകാരില്‍ പലരും തലനാരിഴക്കാണ് രക്ഷപ്പെടുന്നത്. പതിവായി അനക്കൂട്ടം ഇറങ്ങുന്നൂവെന്ന് പരാതി അറിയിക്കുബോള്‍ വനം സ്റ്റേഷന്‍ പരിധിയിലെ സ്ഥലമല്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ പരസ്പരം പഴി ചാരുകയാണ് പതിവ്.  

ആനശല്ല്യം തടയുന്നതിന് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനങ്ങളൊന്നും നടപ്പായില്ല. കാട്ടാനശല്ല്യം തടയാനാവാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പടുക്ക വനം സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.