തുഷാരഗിരിയെ കയ്യൊഴിഞ്ഞ് വിനോദ സഞ്ചാരികൾ; രാത്രികാലങ്ങളിൽ തങ്ങാനിടമില്ല

അരക്കോടിയിലധികം രൂപ ചെലവില്‍ കോഴിക്കോട് തുഷാരഗിരിയില്‍ പണിതീര്‍ത്ത ഡി.ടി.പി.സിയുടെ കെട്ടിടം തുറന്നുകൊടുക്കാന്‍ നടപടിയില്ല. മെല്ലെപ്പോക്ക് കാരണം കരാര്‍ നടപടികള്‍ അനന്തമായി നീളുന്നതാണ് പ്രതിസന്ധി. രാത്രികാലങ്ങളില്‍ തങ്ങാന്‍ സ്ഥലമില്ലാത്തതിനാല്‍ പലരും തുഷാരഗിരിയെ കൈയ്യൊഴിയുകയാണ്. 

നാല് കുടുംബങ്ങള്‍ക്ക് താമസ സൗകര്യം, ഭക്ഷണശാല, ചെറിയ കൂട്ടായ്മകള്‍ക്കുള്ള ഇടം, തുടങ്ങി മികച്ച സൗകര്യങ്ങള്‍. ഭിന്നശേഷിക്കാരെക്കൂടി പരിഗണിച്ചുള്ള നിര്‍മാണം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടങ്ങിയെങ്കിലും ഏറെക്കഴിഞ്ഞാണ് പണി പൂര്‍ത്തിയാക്കിയത്. ലക്ഷങ്ങള്‍ ചെലവാക്കിയതിന് പ്രയോജനമുണ്ടോ എന്നതിന് ഉത്തരമില്ല.

രാത്രികാലങ്ങളില്‍ തുഷാരഗിരിയില്‍ തങ്ങാനുദ്ദേശിക്കുന്ന സ‍ഞ്ചാരികള്‍ ഇപ്പോഴും സ്വകാര്യ ഹോട്ടലുകളെ ആശ്രയിക്കേണ്ട സാഹചര്യമാണ്. അതേസമയം സാങ്കേതിക തടസം മാറ്റി വേഗത്തില്‍ തുറന്ന് നല്‍കുന്നതിനുള്ള നടപടിയെടുക്കുമെന്നാണ് ഡി.ടി.പി.സിയുടെ നിലപാട്.  

കഴിഞ്ഞ പ്രളയത്തില്‍ കെട്ടിടത്തിനോട് ചേര്‍ന്നുള്ള സംരക്ഷണഭിത്തി തകര്‍ന്നതാണ് പ്രതിസന്ധിയായത്. കെട്ടിടത്തിന് യാതൊരു ബലക്കുറവും സംഭവിച്ചിരുന്നില്ല. എന്നിട്ടും ഉദ്യോഗസ്ഥരില്‍ ചിലര്‍ പണി തുടങ്ങാന്‍ ഉടക്കിട്ടു. കരാര്‍ നടപടികളിലേക്ക് നീങ്ങാന്‍ ഏറെ വൈകി. അടിസ്ഥാനസൗകര്യ വികസനത്തിന് കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കുമെന്നാണ് വിനോദസഞ്ചാര വകുപ്പിന്റെ പ്രഖ്യാപനം. എന്നാല്‍ പൂര്‍ത്തിയാക്കിയവ ചോര്‍ന്നൊലിക്കാതെ  നോക്കുകയാണ് ആദ്യം വേണ്ടതെന്നാണ് മറ്റൊരു പക്ഷം.