നിലമ്പൂരിൽ കാട്ടാനശല്യം രൂക്ഷം

മലപ്പുറം നിലമ്പൂര്‍ വനമേഖലയോട് ചേര്‍ന്ന ജനവാസ കേന്ദ്രങ്ങളില്‍ കാട്ടാനശല്യം രൂക്ഷം. മഴക്കാലമാവുന്നതോടെ വനത്തിലേക്ക് പിന്‍വലിയുന്ന പതിവു തെറ്റിച്ചാണ് കാട്ടാനക്കൂട്ടമിപ്പോള്‍ നാട്ടില്‍ തമ്പടിക്കുന്നത്.  

മൂത്തേടം നമ്പൂരിപ്പെട്ടിയിലെ പാട്ടക്കര്‍ഷകരായ ചാരിത്തൊടിക ചന്ദ്രന്റേയും കൊല്ലപ്പറമ്പന്‍ ഉമ്മറിന്റേയും ഉടമസ്ഥതയിലുളള നേന്ത്രവാഴത്തോട്ടമാണിത്. രണ്ടാഴ്ചക്കുളളില്‍ വാഴക്കൂല വെട്ടാവുന്ന പരുവത്തിലെത്തിയ ആയിരത്തില്‍ അധികം വാഴയാണ് കാട്ടനക്കൂട്ടം നശിപ്പിച്ചത്. വന്യമൃഗങ്ങളെ തുരത്താന്‍ കാവലിരുന്ന കര്‍ഷകരുടെ പ്രതിരോധങ്ങളെ നിഷ്പ്രഭമാക്കിയാണ് കാട്ടാനക്കൂട്ടത്തിന്റെ യാത്ര. നെല്ലിക്കുത്ത് വനത്തില്‍ നിന്ന് പുന്നപ്പുഴ കടന്നാണ് കാട്ടാനക്കൂട്ടം കൃഷിയിടങ്ങളിലെത്തുന്നത്. കല്‍ക്കുളം, തളിപ്പാടം ഭാഗങ്ങളിലും  ജനവാസമേഖലയില്‍ കാട്ടാശല്യമിപ്പോള്‍ പതിവാണ്. ഇരുട്ടി കഴിഞ്ഞാല്‍ കൃഷിയിടങ്ങളില്‍ തമ്പടിച്ച് നേരം പുലര്‍ന്ന ശേഷമാണിപ്പോള്‍ വനത്തിലേക്കുളള മടക്കം.

വനാതിര്‍ത്തിയില്‍ നിര്‍മിച്ച കിടങ്ങും വൈദ്യുതിവേലിയുമെല്ലാം തടസമാകാതെയാണ് ആനക്കൂട്ടം നാട്ടിലെത്തുന്നത്. മരുത, മുണ്ടേരി ഭാഗങ്ങളിലും കാട്ടാനശല്ല്യം പതിവാണ്.