മഴക്കാലത്ത് കലുങ്കുപണിയും പൈപ്പിടലും; കുളമായി പാലക്കാട്- ഒറ്റപ്പാലം റോഡ്

മഴക്കാലത്തെ കലുങ്കുപണിയും പൈപ്പിടലുമാണ് പാലക്കാട് നഗരത്തിലുളളവരെ വലയ്ക്കുന്നത്. ഒറ്റപ്പാലത്തേക്കുളള റോഡ് വെട്ടിപ്പൊളിച്ചത് വാഹനങ്ങളെ അപകടത്തിലാക്കുകയാണ്. 

പാലക്കാട് ഒറ്റപ്പാലം റോഡില്‍ നഗരത്തിലെ ചക്കാന്തറ പളളിക്ക് സമീപമാണ് പൊതുമരാമത്ത്, ജലഅതോറിറ്റി വകുപ്പുകളുടെ മഴക്കാല പ്രവൃത്തികള്‍. പൊതുമരാമത്ത് വിഭാഗത്തിന്റെ കലുങ്കുനിര്‍മാണം കഴിഞ്ഞദിവസം പൂര്‍ത്തിയായെങ്കിലും മഴ പെയ്താല്‍ ചെളിക്കുളമാണ് റോഡ്. ജനങ്ങളെ ബുദ്ധിമുട്ടിച്ച് വഴിമാറി പോയിരുന്ന വാഹനങ്ങള്‍ നിവൃത്തിയില്ലാതെ കഴിഞ്ഞദിവസം ഒാടിത്തുടങ്ങി.

നഗരസഭയുടെ അമൃത് പദ്ധതിപ്രകാരം ജലവിതരണ പൈപ്പുലൈന്‍ സ്ഥാപിക്കാന്‍ ജലഅതോറിറ്റി റോഡ് വെട്ടിപ്പൊളിച്ചതാണ് രണ്ടാമത്തെ പ്രവൃത്തി. റോഡിന്റെ ഒരുഭാഗത്തുകൂടി പോകാനാകില്ല. ബസും ഒാട്ടോയും ഉള്‍പ്പെടെ ജലഅതോറിറ്റിയുടെ ചതിക്കുഴിയില്‍ വീഴുന്നു.

സ്കൂള്‍ തുറക്കുന്നതിന് മുന്‍പ്, അല്ലെങ്കില്‍ മഴക്കാലത്തിന് മുന്‍പ് എന്തുകൊണ്ട് റോഡിലെ പണികള്‍ നടത്തിയില്ലെന്ന നാട്ടുകാരുടെ ചോദ്യത്തിന് ഉദ്യോഗസ്ഥര്‍ക്ക് മറുപടിയില്ല.

വെട്ടിപ്പൊളിച്ച റോഡ് ഉറപ്പുളളതാക്കിമാറ്റാന്‍ ഇനിയും നാളുകളെടുക്കും. അതുവരെ മഴക്കാലത്ത് ചെളിയും വെയിലത്ത് പൊടിയുമേറ്റ് യാത്രക്കാര്‍ സഞ്ചരിക്കേണ്ടിവരും.