ഇ-ഡിസ്ട്രിക് പദ്ധതി വിപുലപ്പെടുത്താനൊരുങ്ങി കാസർകോട്

ഇ-ഡിസ്ട്രിക്ട് പദ്ധതി കൂടുതല്‍ വിപുലപ്പെടുത്താനൊരുങ്ങി കാസര്‍കോട് ജില്ല. അക്ഷയ സംരംഭകര്‍ക്ക് ടാബ്‌ലറ്റുകള്‍ നല്‍കിയാണ് സേവനം കൂടുതല്‍ മെച്ചപ്പെടുത്തുന്നത്. സംസ്ഥന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ജില്ലയിലെ തിരഞ്ഞെടുത്ത അക്ഷയ കേന്ദ്രങ്ങള്‍ക്ക് ടാബ്്ലറ്റുകള്‍ നല്‍കിയത്.

127 അക്ഷയ കേന്ദ്രങ്ങളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ നിന്ന് തിരഞ്ഞെടുത്ത 101 കേന്ദ്രങ്ങള്‍ക്ക് ടാബ്്ലറ്റുകള്‍ നല്‍കി. ടാബ്്ലറ്റുകള്‍ ലഭ്യമാക്കുന്നതോടെ അക്ഷയ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. മന്ത്രി ഇ.ചന്ദ്രശേഖരന്‍ വിതരണോല്‍ഘാടനം നിര്‍വഹിച്ചു. വിവര സാങ്കേതികവിദ്യ തുറന്നു തരുന്ന അവസരങ്ങളെ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.

ചില അക്ഷയ ജീവനക്കാരുടെ നിഷേധാത്മകമായ മനോഭാവം ജനങ്ങളില്‍ പ്രയാസം സൃഷ്ടിക്കുന്നത് ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനനത്ത് അക്ഷയ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ മുന്‍പന്തിയിലാണ് കാസര്‍കോടിന്റെ സ്ഥാനം. ഡിജിറ്റല്‍ ഇന്ത്യ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ തലത്തില്‍ രണ്ടാം സ്ഥാനവും, ഇ-ഡിസ്ട്രിക്ട് പദ്ധതി മികച്ച രീതിയില്‍ നടപ്പാക്കിയതിനുള്ള അംഗീകാരവും ഇതിനോടകം ലഭിച്ചു. നിയുക്ത എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍, എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുത്തു. താമസിയാതെ ജില്ലയിലെ മുഴുവന്‍ കേന്ദ്രങ്ങളിലും പദ്ധതി നടപ്പാക്കും.