ഉറക്കം കളയുന്ന ചെള്ളുകൾ; കോഴിക്കോട് വെസ്റ്റ് ഹിൽ മേഖല ദുരിതത്തിൽ

എഫ്.സി.ഐ. സംഭരണശാലയിലെ ചെള്ളുമൂലം ഉറക്കം നഷ്ടപ്പെട്ട് കോഴിക്കോട് വെസ്റ്റ് ഹില്‍ മേഖലയിലെ ജനങ്ങള്‍. വൈദ്യുതി വെളിച്ചം കണ്ടാണ് ചെള്ളുകള്‍ വീടുകളിലേക്ക് എത്തുന്നത്. 

അരിയും ഗോതമ്പും സൂക്ഷിക്കുന്ന ഈ സംഭരണകേന്ദ്രമാണ് നാട്ടുകാരുടെ രാത്രികള്‍ നശിപ്പിക്കുന്നത്. അരിചാക്കിലും ഗോതമ്പ് ചാക്കിലുമുള്ള ചെള്ളുകള്‍ രാത്രിയാകുന്നതോടെ പുറത്തേക്കിറങ്ങി തുടങ്ങും. വൈദ്യുതി വെളിച്ചമുള്ള സമീപത്തെ വീടുകളിലേക്കാണ് പറന്നെത്തുന്നത്. ചെവിയിലും മൂക്കിലുംവരെ ചെള്ളുകള്‍ കയറും. വെളിച്ചെത്തിരുന്ന് കഴിച്ചാല്‍ ആഹാരത്തിലും വീഴും. ചിലര്‍ക്ക് ത്വക്ക് രോഗങ്ങളും കണ്ടുതുടങ്ങി.

എഫ്.സി.ഐ. അധികൃതര്‍ക്ക് രേഖാമൂലം പരാതി നല്‍കിയെങ്കിലും ചെള്ളിന്റെ വരവ് തടയാന്‍ സാധിച്ചില്ല. ശല്യം അധികമാകുമ്പോള്‍ മരുന്ന് തളിക്കാറുണ്ടെന്ന് സംഭരണശാലയിലെ ജീവനക്കാര്‍ പറയുന്നു.