ബ്രഹ്മഗിരി മാംസസംസ്കരണ യൂണിറ്റിലെ വിവാദം; ചർച്ച നടത്തി

വയനാട് ബത്തേരിയില്‍ പ്രവര്‍ത്തിക്കുന്ന ബ്രഹ്മഗിരി മാംസസംസ്കരണയൂണിറ്റിലെ മാലിന്യനിര്‍മാര്‍ജന സംവിധാനങ്ങള്‍ സബ്കലക്ടറുടെ കീഴിലുള്ള സമിതി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കഴിഞ്ഞ ദിവസം നടത്തിയ ലാത്തിചാര്‍ജിനെക്കുറിച്ച് അന്വേഷിക്കാനും കലക്ടറുടെ ചേംബറില്‍ നടന്ന സമവായചര്‍ച്ചയില്‍ തീരുമാനം. ഇതോടെ ആക്ഷന്‍കമ്മിറ്റി നടത്തുന്ന സമരത്തിന് താല്‍ക്കാലികവിരാമമായി.

ബത്തേരി മാഞ്ഞാടിയില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നു എന്നായിരുന്നു ആക്ഷന്‍കമ്മിറ്റിയുടെ ആരോപണം. കഴിഞ്ഞ ദിവസം നടത്തിയ സമരത്തിനു നേരെ പൊലീസ് ലാത്തിചാര്‍ജ് നടത്തിയിരുന്നു. സമരസമിതിപ്രവര്‍ത്തകര്‍ക്കും പൊലീസിനും പരുക്കേറ്റു.

ജനപ്രതിനിധികള്‍, ബ്രഹമഗിരി മാംസസംസ്കരണയൂണിറ്റ് പ്രതിനിധികള്‍, ആരോഗ്യ, മലിനീകരണ നിയന്ത്രണബോര്‍ഡ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ കലക്ടറുടെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു. പ്ലാന്റ് സബ്കലക്ടറുടെ കീഴിലുള്ള സമിതി പ്ലാന്റ് പരിശോധിക്കും. രാത്രികാലങ്ങളില്‍ ഫാക്ടറിയില്‍ അറ്റകുറ്റപ്പണികള്‍ നടക്കില്ല. പൊലീസ് അതിക്രമം നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും കലക്ടര്‍ പറഞ്ഞു. തീരുമാനത്തില്‍ തൃപ്തിയുണ്ടെന്ന് സമരസമിതിപ്രവര്‍ത്തകരും ഫാക്ടറിപ്രതിനിധികളും പറഞ്ഞു. പൊലീസ് അതിക്രമം നടത്തി എന്നാരോപിച്ച് അമ്പലവയല്‍ സ്റ്റേഷന് മുന്നിലേക്ക് ആക്ഷന്‍ കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി.