ചായവിവാദവുമായി കോഴിക്കോട് കോർപറേഷൻ

മുഖ്യമന്ത്രിയുടെ അതിഥി സൽക്കാര ചിലവ് ചർച്ചയായതിന് പിന്നാലെ കോഴിക്കോട് കോർപറേഷനിലും ചായ വിവാദം. കഴിഞ്ഞ സാമ്പത്തികവര്‍ഷം മന്ത്രിമാര്‍ ചെലവഴിച്ചതിനേക്കാള്‍ തുക അതിഥിസര്‍ക്കാരത്തിനായി മേയര്‍ ചെലവഴിച്ചതാണ് കൗൺസിൽ യോഗത്തിൽ ചൂടേറിയ ചർച്ചയ്ക്ക് കാരണമായത്. 

മൂന്ന് ലക്ഷത്തി അറുപതിനായിരം രൂപയാണ് അതിഥി സൽക്കാരത്തിനായി മേയർക്ക് ചിലവഴിക്കാവുന്ന പരമാവധി തുക. ഇത് ഒൻപത് ലക്ഷത്തി ഏൺപത്തിയേഴായിരത്തി അറുപത്തിരണ്ട് രൂപയിലെത്തിയതോടെ കൗൺസിൽ അംഗീകാരത്തിനായി അജണ്ടയിൽ വച്ചു. നിമിത്തം പോലെ ചായയും സുഹിയനും അംഗങ്ങൾക്ക് മുൻപിലെത്തിയതിന് പിന്നാലെ മേയർ വിഷയം അവതരിപ്പിച്ചു. പിന്നെ ചൂടുള്ള ചായ കുടിച്ച് പ്രതിപക്ഷം ചര്‍ച്ച ആരംഭിച്ചു. താൻ വെള്ളം മാത്രമാണ് കുടിക്കാറെന്ന് പറഞ്ഞ് മേയർ വിഷയത്തിലിടപ്പെട്ടു. വിവാദം ചായ കുടിച്ചവർക്കും അപമാനമാകുമെന്ന് ഭരണപക്ഷം തുറന്നടിച്ചു.

ഇതിനിടയിൽ ചായയും ചെറുകടിയും ചിലവാകുന്ന വഴികളും മേയർ വിശദീകരിച്ചു. ഏതായാലും രണ്ടു രൂപയ്ക്ക് ലഭിച്ചിരുന്ന സുഹിയന് പത്ത് രൂപയായ കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ കൗൺസിൽ തീരുമാനിച്ചു. അതിഥി സൽക്കാര തുക വർധിപ്പിക്കാനും ശുപാർശ ചെയ്യും.