ആറളത്ത് കാട്ടാനശല്യം രൂക്ഷം; പ്രതിഷേധവുമായി ജനപ്രതിനിധികൾ

കണ്ണൂർ ആറളത്ത് കാട്ടാനശല്യം രൂക്ഷം. പ്രശ്നത്തിന് പരിഹാരം കാണാത്തതിൽ ജന പ്രതിനിധികളടക്കം പ്രതിഷേധവുമായി രംഗത്തെത്തി. ആറളം പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ വന്യജീവി സങ്കേത കാര്യാലയം ഉപരോധിച്ചു.

ആറളം ഫാമിലും സമീപപ്രദേശങ്ങളിലും കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തിലാണ് ജനപ്രതിനിധികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. ആനകളെ തുരുത്തുവാനുള്ള നടപടികൾ വനംവകുപ്പ്  അധികൃതർ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വന്യജീവി സങ്കേതത്തിന്റെ ഓഫിസ് ഉപരോധിച്ചത്.

ജനങ്ങളുടെ ജീവനും സ്വത്തിനും  യാതൊരു സംരക്ഷണവും നൽകാൻ  അധികൃതർക്ക് സാധിക്കുന്നില്ലെന്നും കാട്ടാനകളെ തുരത്താൻ മുൻകാലങ്ങളിൽ എടുത്ത നടപടികളൊന്നും പ്രാവർത്തികമാവുന്നില്ലനും ആറളം പഞ്ചായത്ത് പ്രസിഡൻറ് ഷിജി നടുപറമ്പിൽ പറഞ്ഞു. 

വൈൽഡ് ലൈഫ് വാർഡൻ എ.ഷജിനയുടെ  നേതൃത്വത്തിൽ നടത്തിയ ചർച്ചയ്ക്കൊടുവിലാണ് രണ്ട് മണിക്കൂർ നീണ്ട ഉപരോധ സമരം പിൻവലിച്ചത്. കാട്ടാനകൾ ജനവാസകേന്ദ്രത്തിൽ കടക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വൈൽഡ് ലൈഫ് വാർഡൻ ഉറപ്പ് നൽകി.