ഉത്തരമലബാറില്‍ തെയ്യക്കാലത്തിന് സമാപനം; തെയ്യക്കോലങ്ങൾക്ക് ഇനി വിശ്രമകാലം

 നീലേശ്വരം മന്ദംപുറത്ത് കാവിലെ കലശോത്സവത്തോെടയാണ് മറ്റൊരു കളിയാട്ടകാലത്തിന് കൂടി തിരശീല വീണത്. ഭക്തര്‍ക്ക് അനുഗ്രാഹാശിസുകള്‍ ചൊരിഞ്ഞ തെയ്യക്കോലങ്ങള്‍ ഇനി പള്ളിയറകളില്‍ വിശ്രമിക്കും. 

കഴിഞ്ഞ തുലാം പത്തുമുതല്‍ തുള്ളിയുറഞ്ഞ് ദേശത്തിനാകെ അനുഗ്രഹം ചൊരിഞ്ഞ തെയ്യക്കോലങ്ങള്‍ തട്ടകങ്ങളില്‍ നിന്ന് വിടവാങ്ങി. ഉത്തരകേരളത്തില്‍ തെയ്യക്കാലത്തിന്റെ തുടക്കവും ഒടുക്കവും കാസര്‍കോട് നിലേശ്വരത്താണ്. അഞ്ഞൂറ്റമ്പലം വീരര്‍ കാവിലെ വലിയ കളിയാട്ടത്തോടെ തുടക്കം. 

ആറുമാസങ്ങള്‍ക്കിപ്പുറം മന്ദന്‍പുറത്ത് കാവിലെ കലശോത്സവത്തോടെ സമാപനം. ഇതിനിടെ വിവിധ ദേവസങ്കല്‍പങ്ങള്‍ തെയ്യക്കോലങ്ങളായി കാവുകളില്‍ നിറയും. മന്ദന്‍പുറത്ത് കാവിലെ കലശോത്സവത്തിന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും, സമീപജില്ലയായ കണ്ണൂരില്‍ നിന്നുമായി ആയിരങ്ങളെത്തി.  കാവിലമ്മ, നടയില്‍ ഭഗവതി, ക്ഷേത്ര പാലകന്‍ എന്നീ തെയ്യങ്ങളാണ് കെട്ടിയാടിയത്. തെക്കു-വടക്ക് കളരികളില്‍ നിന്നുള്ള അലങ്കരിച്ച കലശകുംഭത്തിന്റെ അകമ്പടിയില്‍ തെയ്യങ്ങള്‍ ക്ഷേത്രത്തില്‍ വലം വെക്കുന്നതാണ് പ്രധാന ചടങ്ങ്.  

ഭക്തര്‍ക്ക് അനുഗ്രഹാശിസുകള്‍ ചൊരിഞ്ഞ ശേഷം തെയ്യക്കോലങ്ങളുടെ തിരുമുടി താഴ്ന്നു. ഇനി തട്ടകങ്ങളില്‍ ആള്‍ത്തിരക്കേറാന്‍ അടുത്ത തുലാമാസം വരെ കാത്തിരിക്കണം. ഉത്തരമലബാറിലെ കളിയാട്ടക്കാവുകള്‍ക്കും കോലധാരികള്‍ക്കുമെല്ലാ വിശ്രമകാലം കൂടിയാണ് ഇനിയുള്ള നാളുകള്‍.