കെട്ടിടമില്ലാതെ ദുരിതത്തിൽ മരുതോങ്കര അംഗനവാടി; ഭൂമി മുറുകെപ്പിടിച്ച് ജലസേചന വകുപ്പ്

സ്വന്തമായി കെട്ടിടമില്ലാതെ  കോഴിക്കോട് കുറ്റ്യാടി മരുതോങ്കരയിലെ അംഗനവാടി. പ്ലാസ്റ്റിക് ഷീറ്റും തെങ്ങോലയും കൊണ്ട് മറച്ചാണ് അംഗനവാടി പ്രവര്‍ത്തിക്കുന്നത്. തരിശായി കിടക്കുന്ന ഭൂമി ജലസേചന വകുപ്പ് വിട്ടുനല്‍കാത്തതാണ് പുതിയ കെട്ടിടം നിര്‍മിക്കാനുള്ള തടസം. 

കുന്നുമ്മല്‍ ഐസിഡിഎസിന് കീഴിലുള്ള 126ാം നമ്പര്‍ അംഗനവാടിയാണിത്. നല്ലൊരു കാറ്റടിച്ചാല്‍ തകര്‍ന്നുവീഴും എന്നതാണ് അവസ്ഥ. പ്ലാസ്റ്റിക് ഷീറ്റും തെങ്ങോലയും കൊണ്ട് താല്‍ക്കാലികമായി നിര്‍മിച്ച അംഗനവാടിയിലാണ് പ്രദേശത്തെ ഇരുപതോളം കുട്ടികള്‍ പഠിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കനാല്‍ നിര്‍മിക്കാനായി ജലസേചന വകുപ്പാണ്ഭൂമി ഏറ്റെടുത്തത്. ഇതില്‍ വെറുതെ കിടക്കുന്ന പത്ത് സെന്‍റ് സ്ഥലത്താണ് താല്‍ക്കാലിക അംഗനവാടി നിര്‍മിച്ചത്.

. 2012 മുതല്‍ അംഗനവാടിക്കായി പത്ത് സെന്‍റ് വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ മുട്ടാത്ത വാതിലുകളില്ല. എന്നാല്‍ അനുകൂല തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. സ്ഥലം വിട്ടുനല്‍കിയാല്‍ കെട്ടിടം നിര്‍മിക്കാന്‍ പഞ്ചായത്തും നാട്ടുകാരും തയ്യാറാണ്. 

വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെയും പ്രദേശത്തെ ജനപ്രതിനിധികളുടേയും അടിയന്തര ഇടപെടല്‍ വേണമെന്നാണാവശ്യം.