264 അംഗങ്ങൾ പരിശീലനം നേടി; നാവിക അക്കാദമിയിൽ പാസിങ് ഔട്ട് പരേഡ് നടന്നു

കണ്ണൂർ ഏഴിമല നാവിക അക്കാദമിയിൽനിന്നും പരിശീലനം പൂർത്തിയാക്കിയ നാവിക, തീരസംരക്ഷണസേനാ അംഗങ്ങളുടെ പാസിങ് ഔട്ട് പരേഡ് നടന്നു. അഞ്ച് വിദേശ രാജ്യങ്ങളിൽനിന്നുള്ള പത്ത് നാവികരടക്കം ഇരുന്നൂറ്റി അറുപത്തിനാലുപേരാണ് പരിശീലനം നേടിയത്.  

199 നാവികരും 65 തീരസംരക്ഷണസേനാ അംഗങ്ങളുമാണ് പ്രാഥമിക പരിശീലനം പൂർത്തിയാക്കിയത്. ഇതിൽ പതിനഞ്ച് പേർ വനിതകളാണ്. ശ്രീലങ്ക, മ്യാൻമർ, മാലി ദീപ്, സീഷെൽസ്, ടാൻസാനിയ എന്നീ രാജ്യങ്ങളിലെ സേനാഗംഗങ്ങളും പരിശീലനം പൂർത്തിയാക്കി. കരസേനാ മേധാവി ബിപിൻ റാവത്തായിരുന്നു മുഖ്യതിഥി.

ഇന്ത്യൻ പോർവിമാനമായ മിഗ് 29 കെ വിമാനങ്ങളുടെ അഭ്യാസപ്രകടനവും നടന്നു. മികച്ച വനിതാ കെഡറ്റിനുള്ള പുരസ്കാരം പാലക്കാട് സ്വദേശിനി ആർ.ഗ്രീഷ്മയും സ്വന്തമാക്കി. ഇത്തവണ പതിമൂന്ന് മലയാളികളാണ് സേനയുടെ ഭാഗമായത്.