പഴശ്ശി അണക്കെട്ടിലെ ജലനിരപ്പ് താഴുന്നു

കണ്ണൂർ ജില്ലയിലെ കുടിവെള്ള വിതരണം പ്രതിസന്ധിയിലാക്കി പഴശി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നു. വേനൽമഴ ലഭിക്കാത്തതാണ് നീരൊഴുക്ക് കുറയാൻ കാരണം.

ജില്ലയിലെ ഏഴ് കുടിവെളള പദ്ധതികളുടെ ജലസ്രോതസാണ് പഴശി അണക്കെട്ട്. കഴിഞ്ഞവർഷം ഇതേ സമയത്തുണ്ടായ ജലനിരപ്പിനെക്കാൾ രണ്ടു മീറ്റർ താഴെയാണ് ഇപ്പോഴത്തെ ജലനിരപ്പ്. പ്രളയത്തിൽ കരകവിഞ്ഞൊഴുകിയ പുഴകളെല്ലാം വറ്റിവരണ്ടതും വേനൽമഴ പെയ്യാത്തതുമാണ് വെള്ളക്ഷാമത്തിന് കാരണം.

നിലവിൽ കുടിവെള്ള പദ്ധതികളുടെ കിണറുകളിൽ പമ്പിങ്ങിന് ആവശ്യമായ ജലനിരപ്പുണ്ട്. പക്ഷേ വേനൽമഴ ലഭിക്കാൻ ഇനിയും വൈകിയാൽ കുടിവെള്ള വിതരണത്തെ ബാധിച്ചേക്കും.