റോഡ് വരുന്നതും കാത്ത് ഉള്ള്യേരിക്കാർ

മുപ്പതിലധികം കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന റോഡ് നിര്‍മാണം തുടങ്ങാത്തത് കോഴിക്കോട് ഉള്യേരിയില്‍ ഇത്തവണയും പ്രചരണവിഷയമാകും. ഈസ്റ്റ്മുക്ക് കൊല്ലരുകണ്ടി റോഡ് ഗതാഗത യോഗ്യമാക്കാനുള്ള കാത്തിരിപ്പ് നീളുന്നത്, ചിലരുെട ഇടപെടല്‍ കാരണമെന്നാണ് പരാതി.

   

ഈ വിലാപം തുടങ്ങിയിട്ട് കാലങ്ങളേറെയായി. ഓരോ തെരഞ്ഞെടുപ്പിലും റോഡ് നന്നാക്കാമെന്ന് സ്ഥാനാര്‍ഥികളും രാഷ്ട്രീയ നേതൃത്വവും വാഗ്ദാനം നല്‍കും. വോട്ടുറപ്പിച്ച് മടങ്ങുന്നവരെ പിന്നീട് കാണുന്നത് അടുത്ത തിരഞ്ഞെടുപ്പിന് വോട്ട് തേടി വരുമ്പോള്‍ മാത്രം. 

ഒരു കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള റോഡ് നിര്‍മിച്ചിട്ട് ഇരുപത് വര്‍ഷമായി. ലോറിയുള്‍പ്പെടെ എത്താവുന്ന വീതിയിലായിരുന്നു നിര്‍മാണം. പഞ്ചായത്ത് സഹായത്തോടെ കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കുകയായിരുന്നു ലക്ഷ്യം. പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ സംരക്ഷണഭിത്തി റോഡിലേക്കിറക്കി കെട്ടി വാഹന ഗതാഗതം തടസപ്പെടുത്തി. ഇതോടെ വികസന വഴി അടഞ്ഞു. മഴക്കാലത്ത് കാല്‍നടയാത്ര പോലും ദുസഹമാകും. കുട്ടികളുള്‍പ്പെടെ വീണ് പരുക്കേല്‍ക്കുന്നതും പതിവാണ്. വയോധികരെ തലച്ചുമടായാണ് ആശുപത്രിയിലെത്തിക്കുന്നത്. പ്രളയകാലത്ത് റോഡ് പലയിടത്തും തോടായി വന്‍ ഗര്‍ത്തം രൂപപ്പെട്ടു. ഈ തെരഞ്ഞെടുപ്പോടെ റോഡ് ഗതാഗതയോഗ്യമാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.