വലിയതോട്ടിൽ വിഷം കലര്‍ത്തി; മല്‍സ്യസമ്പത്ത് വ്യാപകമായി നശിച്ചു

ചാലിയാറിന്റെ കൈവഴിയായ മലപ്പുറം എടവണ്ണപ്പാറ വലിയതോട്ടിൽ വിഷം കലര്‍ത്തിയതിനെ തുടര്‍ന്ന് മല്‍സ്യസമ്പത്ത് വ്യാപകമായി നശിച്ചു. വലിയതോട് ചാലിയാറില്‍ ചേരുന്നതിന് തൊട്ടടുത്ത് ബസ്റ്റാന്‍ഡിന് പിന്നിലൂടെ ഒഴുകുന്ന ഭാഗത്താണ് വിഷം കലക്കിയത്.       

ഒട്ടേറെ ശുദ്ധജല വിതരണ പദ്ധതികളുളള ചാലിയാറിലേക്ക് ഒഴുകിയെത്തുന്ന വലിയതോട്ടിലാണ് വിഷം കലക്കിയത്. കൂട്ടത്തോടെ മല്‍സ്യം പിടിക്കാമെന്ന ഗൂഢലക്ഷ്യത്തോടെയാണ് വിഷം കലര്‍ത്തിയതെന്ന് സംശയിക്കുന്നു. മല്‍സ്യസമ്പത്തിനൊപ്പം വെളളം കുടിച്ച മറ്റു ജീവികളും ചത്തിട്ടുണ്ട്. വിഷം കലക്കാൻ ഉപയോഗിച്ച കന്നാസുകളും പരിസരത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്. പുഴയില്‍ നിന്നും തോട്ടില്‍ നിന്നുമുളള വെളളം ഉപയോഗിക്കും മുന്‍പ് പരിശോധിക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ജലസേചന ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  

അപൂര്‍വ ഇനത്തില്‍പ്പെട്ട ഒട്ടേറെ മല്‍സ്യഇനങ്ങളുടെ ആവാസ കേന്ദ്രമാണ് വലിയതോടും ചാലിയാറും. സംഭവത്തിന് ശേഷം ആരോഗ്യഉദ്യോഗസ്ഥരും പുഴയിലെ ജലത്തിന്റെ ഉപഭോഗം നിരീക്ഷിക്കുന്നുണ്ട്. വെളളത്തില്‍ വിഷം കലര്‍ത്തിയവര്‍ക്കെതിരെ  ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് നടപടി  സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.