പശുക്കളെ ആക്രമിച്ചത് പേപ്പട്ടിയെന്ന സംശയം; ദുരിതത്തിലായി കർഷകർ

കോഴിക്കോട് ഉള്യേരിയില്‍ തെരുവ് നായ ആക്രമണത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് പരുക്കേറ്റതിന് പിന്നാെല ദുരിതത്തിലായി ക്ഷീരകര്‍ഷകര്‍.  പശുക്കളെ ആക്രമിച്ചത് പേപ്പട്ടിയെന്ന സംശയത്തില്‍ പാല്‍ ഒഴുക്കിക്കളയേണ്ട അവസ്ഥയാണ്. സര്‍ക്കാര്‍ തലത്തില്‍ വേഗത്തില്‍ സഹായമുണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം. 

നായ്ക്കളുടെ കടിയേറ്റ പശുക്കളെ പ്രത്യേകം നിരീക്ഷിക്കുക. ശ്രദ്ധയോടെ ഒരാള്‍ പരിചരിക്കുക. പത്ത് ദിവസത്തിന് ശേഷം അസ്വാഭാവികതയുണ്ടെങ്കില്‍ മാത്രം മതി ആശങ്ക. ക്ഷീരകര്‍ഷകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്നത് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രത്യേകം പരിശോധിക്കുന്നുണ്ട്. എന്നാല്‍ നായ്ക്കളുടെ തുടര്‍ച്ചയായ ആക്രമണം പല കുടുംബങ്ങളുടെയും ഉപജീവന മാര്‍ഗമാണ് അടച്ചത്. കടിയേറ്റ് ചികില്‍സയിലുള്ള പശുക്കളുടെ പാല്‍ തിളപ്പിച്ചാറ്റി കുടിക്കുന്നതില്‍ അപകടമില്ലെന്നാണ് ഡോക്ടര്‍ വ്യക്തമാക്കുന്നത്. പലരും സൊസൈറ്റികളിലും, ഹോട്ടലുകളിലും വീടുകളില്‍ നേരിട്ടുമാണ് കൈമാറിയിരുന്നത്. സംശയം നിലനില്‍ക്കുന്നതിനാല്‍ പാല്‍ പൂര്‍ണമായും കറന്നെടുത്ത് നശിപ്പിക്കുകയാണ് ചെയ്യുന്നത്. 

ദുരിതത്തിലായ കുടുംബങ്ങള്‍ക്ക് പഞ്ചായത്ത് തലത്തില്‍ സഹായമുണ്ടെന്ന അറിയിപ്പ് ഇതിനകം കിട്ടിയിട്ടുണ്ട്. എന്നാല്‍ പിന്നീട് വ്യക്തതയുണ്ടായില്ല. പ്രളയകാലത്ത് ക്ഷീരമേഖലയുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സഹായങ്ങള്‍ കുറച്ചെങ്കിലും അടിയന്തരമായി നടപ്പാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.