ഭ്രൂണഹത്യ അപരാധം; ഓര്‍മ്മപ്പെടുത്തലുമായി രാഗം ഫെസ്റ്റ്

ഭ്രൂണഹത്യ അവകാശമല്ല അപരാധമെന്ന ഓര്‍മപ്പെടുത്തലുമായി എക്സ്ഗ്യേഷ്യ. കോഴിക്കോട് എന്‍.ഐ.ടിയിലെ രാഗം ഫെസ്റ്റിനോട് അനുബന്ധിച്ചാണ് മികവാര്‍ന്ന കാഴ്ച അനുഭവമൊരുക്കിയത്. പ്രദര്‍ശനത്തില്‍ ലഹരിക്കെതിരായ ബോധവല്‍ക്കരണവുമുണ്ട്.  

നാമൊന്ന് നമുക്ക് രണ്ടെന്ന് മാറി നമുക്കൊന്നെന്ന മട്ടിലേക്ക് പല രാജ്യങ്ങളുമെത്തി. എന്നാല്‍ ജനസംഖ്യ കുറഞ്ഞാല്‍ ഇരട്ടി അപകടമുണ്ടാകാനിടയുണ്ടെന്ന് ഉദാഹരണസഹിതം വിശദീകരിക്കുന്നു. നാട്ടിലെ അംഗബലം കുറഞ്ഞാല്‍ മറ്റിടങ്ങളില്‍ നിന്ന് കൂടുതലാളുകള്‍ ഇങ്ങോട്ടേയ്ക്ക് ചേക്കേറും. സംസ്കാരം, ശീലം തുടങ്ങി നമ്മുടെ സന്തുലിതാവസ്ഥയെത്തന്നെ സാരമായി ബാധിക്കും. യുദ്ധം വരെ നീളുന്ന ഘടകങ്ങളാകാം. ഒരു ജീവനും നശിപ്പിക്കാന്‍ ആര്‍ക്കും അവകാശമില്ല. പ്രമുഖരുടെ അനുഭവക്കുറിപ്പും സന്ദേശങ്ങളും പ്രദര്‍ശനത്തില്‍ നിറയുന്നു. ഹ്രസ്വചിത്രത്തിലെ കാഴ്ചയും കണക്കും മനസിലുടക്കുന്നതാണ്. 

ലഹരി ഉപയോഗം ഏത് തരത്തില്‍ വ്യക്തിയെയും സമൂഹത്തെയും ദോഷകരമായി ബാധിക്കുമെന്നും പ്രദര്‍ശനത്തിലുണ്ട്. വെറുതെ കണ്ട് മടങ്ങുന്നതിനപ്പുറം ചിന്തയിലൂടെ യാഥാര്‍ഥ്യം പുറം ലോകമറിയണമെന്ന ആശയമാണ് വിദ്യാര്‍ഥികള്‍ ലക്ഷ്യമിടുന്നത്.