ഇടമലക്കുടിയില്‍ ആദിവാസികളുടെ ഭവന നിര്‍മാണ പദ്ധതി നിലച്ചു

ഇടമലക്കുടിയില്‍ ആദിവാസികളുടെ ഭവന നിര്‍മാണ പദ്ധതി പാതിവഴയില്‍ നിലച്ചിട്ട് ഒരു വര്‍ഷം പിന്നിടുന്നു. ഏത് നിമിഷവും നിലംപൊത്താവുന്ന  കുടിലുകളിലാണ് ആദിവാസി കുടുംബങ്ങളുടെ ദുരിത ജീവിതം.  പരാതി നൽകി മടുത്തതല്ലാതെ നടപടിയില്ല.

സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടുമലക്കുടിയില്‍ പാര്‍പ്പിടവും കുടിവെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിന് സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചു. എന്നാൽ  ഇത് വേണ്ട രീതിയില്‍ നടപ്പിലാക്കുന്നില്ല.  അതിന്റെ നേർക്കാഴ്ചയാണിത്. ഇടമലക്കുടിയിലെ പണിതീരാതെ കിടക്കുന്ന വീടുകള്‍. തറകെട്ടിയതും ഭിത്തി കെട്ടിയതുമായ നിവധി വീടുകളാണ് ഇങ്ങനെ നിർമാണം  പൂര്‍ത്തിയാകാതെ കിടക്കുന്നത്. 

ഭാവന നിർമാണം പദ്ധതിയിൽ ആദ്യ ഘട്ട പണം വാങ്ങിയ  കോണ്‍ട്രാക്ടര്‍, നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിച്ച് പോയതാണെന്നും ആരോപണമുണ്ട്. നിലവിലുള്ള കുടിലുകള്‍ എല്ലാം തന്നെ ചോര്‍ന്നൊലിയ്ക്കുന്ന അവസ്ഥയിലാണ്. മണ്ണും കാട്ടുകമ്പുകളും ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന വീടുകള്‍ അടുത്ത ഒരു മഴക്കാലത്തെ കൂടി അതിജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. അതുകൊണ്ട്  മഴക്കാലത്തിന്  മുമ്പ് വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി നല്‍കണമെന്നാണ്  കുടിനിവാസികളുടെ ആവശ്യം.