നഗരസഭ ഉറപ്പ് പാലിക്കുന്നില്ല; പ്രക്ഷോഭവുമായി ലോറി സംരക്ഷണ സമിതി

കോഴിക്കോട് സൗത്ത് ബീച്ചിലെ ലോറി പാര്‍ക്കിങ് നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭവുമായി ലോറി സംരക്ഷണ സമിതി. രണ്ടാഴ്ചയ്ക്കുള്ളില്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന ഉറപ്പ് നഗരസഭ പാലിക്കുന്നില്ലെന്നാണ് ആരോപണം. 

ലോറികള്‍ പാര്‍ക്ക് ചെയ്യാന്‍ നഗരസഭാ പരിധിയില്‍ രണ്ടിടങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് മേയര്‍ ഉന്നതതലയോഗത്തില്‍ അറിയിച്ചത്. രണ്ടാഴ്ചയ്ക്കകം പുതിയ ഇടത്തേക്ക് ലോറി മാറ്റി സ്ഥാപിക്കാന്‍ നടപടിയെടുക്കുമെന്നും അറിയിച്ചു.  എന്നാല്‍ ആഴ്ചകള്‍ പിന്നിട്ടിട്ടും നടപടിയുണ്ടാകാത്തതിനെത്തുടര്‍ന്നാണ് ലോറി ഉടമകള്‍ പ്രതിഷേധം കടുപ്പിച്ചത്. 

ലോറി തൊഴിലാളികളുടെ പ്രശ്നങ്ങളോട് നഗരസഭ മുഖം തിരിക്കുന്നുവെന്ന് ആരോപിച്ച്  സൗത്ത് ബീച്ചിനുമുന്നില്‍ സംരക്ഷണസമിതി  പ്രതിഷേധയോഗം ചേര്‍ന്നു.  എന്നാല്‍ സൗത്ത് ബീച്ചിനുമുന്നില്‍ ലോറികള്‍ ഇനിയും പാര്‍ക്ക് ചെയ്താല്‍ നിയമപരമായി നേരിടുമെന്ന്   നഗരസഭാധികൃതര്‍  അറിയിച്ചു.