നഗരസഭാ സ്റ്റേഡിയം സ്പോര്‍ട്സ് കൗണ്‍സിലിന്; പ്രതിഷേധവുമായി എംഎൽഎ

തിരൂര്‍ രാജീവ് ഗാന്ധി സ്റ്റേഡിയം സ്പോര്‍ട്സ് കൗണ്‍സിലിനു കൈമാറാനുള്ള നഗരസഭാ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു. സ്റ്റേഡിയം കൈമാറിയാല്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് തിരൂര്‍ എം.എല്‍.എ സി.മമ്മൂട്ടി പറഞ്ഞു.

10 കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പാക്കാനാണ് സ്റ്റേഡിയം നഗരസഭ സ്പോര്‍ട്സ് കൗണ്‍സിലിന് കൈമാറാനൊരുങ്ങുന്നത്. എന്നാല്‍ ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. സ്പോര്‍ട്സ് കൗണ്‍സിലിനു കൈമാറിയാല്‍  സ്റ്റേഡിയം ഉപയോഗിക്കുന്നതില്‍ കര്‍ശന നിയന്ത്രണം വരുമെന്നാണ് പ്രതിപക്ഷ ആരോപണം. തീരുമാനവുമായി മുന്നോട്ടു പോവുകയാണെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് എം.എല്‍.എ സി.മമ്മൂട്ടി പറഞ്ഞു.

ഏറ്റവും ഒടുവില്‍ നടന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ചപ്പോള്‍ സ്പോര്‍ട്സ് കൗണ്‍സിലിനു വിടുന്ന കാര്യം നിയമോപദേശം തേടിയതിനു ശേഷമെന്ന് നഗരസഭ ചെയര്‍മാന്‍ കെ.ബാവഹാജി വ്യക്തമാക്കിയിരുന്നു. സ്റ്റേഡിയം കൈമാറുകയാണെങ്കില്‍ നഗരസഭക്ക് ഉപയോഗിക്കാവുന്ന രീതിയിലായിരിക്കും കരാര്‍ ഉണ്ടാക്കുകയെന്നും മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്നും ചെയര്‍മാന്‍ പറഞ്ഞു.