കെട്ടിടനിർമാണത്തിന് പണം കണ്ടെത്താൻ പണം‍ പയറ്റ്

കോഴിക്കോട് കുറ്റ്യാടിയില്‍ കെട്ടിടനിര്‍മാണത്തിന് പണം കണ്ടെത്താനായി പണം പയറ്റുമായി നാട്ടുകാര്‍.  നൻമ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആസ്ഥാനമന്ദിരത്തിന്റെ നിര്‍മാണത്തിനായാണ്  പണം പയറ്റൊരുക്കിയത്.  

കഴിഞ്ഞ പതിനാറ് വർഷമായി കുറ്റ്യാടിയിൽ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന നൻമ ചാരിറ്റബിൾ സൊസൈറ്റിക്ക്  ഒരു ആസ്ഥാന മന്ദിരം നിർമിക്കുന്നതിന് വേണ്ടിയാണ് പണപയറ്റ് കഴിച്ചത്.പഴയ രീതിയില്‍ ഇടിയൂനിയും പഴവും ചായയും നല്‍കി അതിഥികളെ സല്‍ക്കരിച്ചു.. ജീവകാരുണ്യപ്രവര്‍ത്തനത്തിനായതുകൊണ്ടുതന്നെ നാട്ടുകാരില്‍നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 

കടത്തനാട്ടില്‍ പണ്ട് സജീവമായിരുന്ന സഹായപയറ്റ്  തിരികെയെത്തിയതിന്റെ സന്തോഷമാണ് എല്ലാവര്‍ക്കും.  സാമ്പത്തിക പ്രയാസമുള്ളളര്‍ക്ക് പണപയറ്റിന് തിയതി നിശ്ചയിച്ച് കത്ത് നല്‍കി  പരിചയക്കാരെ ക്ഷണിക്കാം. പനയോലയും ഈന്തോലയും കൊണ്ട് അലങ്കരിച്ച വീട്ടിലോ കടയിലോ പയറ്റിനെത്തുന്നവരെ ചായനല്‍കി സല്‍ക്കരിക്കണം. സല്‍ക്കാരം സ്വീകരിച്ചശേഷം ഒരു സംഖ്യ കൗണ്ടറില്‍ നല്‍കും. ഇങ്ങനെ ധാരാളം പേരെത്തി പണം നൽകുന്നതോടെ പയറ്റ് നടത്തുന്നയാളുടെ സാമ്പത്തികപ്രശ്നത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ