കുട്ടികളുടെ വിഭവങ്ങള്‍ക്ക് വിപണിയൊരുക്കി സ്കൂള്‍ മുറ്റം

കുട്ടികളുണ്ടാക്കിയ വിഭവങ്ങള്‍ക്ക് വിപണിയൊരുക്കി അവരുടെ സ്കൂള്‍ മുറ്റം. ചരിത്രമാതൃകയും വിസ്മയിപ്പിക്കുന്ന കണ്ടുപിടിത്തങ്ങളുെമല്ലാം കുരുന്നുകളിലെ പ്രതിഭ തെളിയിക്കുന്നതായിരുന്നു. കോഴിക്കോട് കുറ്റിച്ചിറ മര്‍കസ് പബ്ലിക്ക് സ്കൂള്‍ വിദ്യാര്‍ഥികളാണ് ചരിത്രപ്രദര്‍ശനവും ഭക്ഷ്യമേളയും സംഘടിപ്പിച്ചത്.  

മിക്സിയും, ഫാനും, ദൂരദര്‍ശിനിയും. ദേവാലയങ്ങളുടെയും കെട്ടിടങ്ങളുടെയും മാതൃക. കുരുന്നുകളുടെ കരവിരുതില്‍ മാത്രം രൂപമെടുത്തവ. കാര്‍ഡിട്ടാല്‍ നാണയത്തുട്ടുകള്‍ നല്‍കുന്ന എ.ടി.എം. മലബാറിന്റെ വ്യത്യസ്ത രുചിക്കൂട്ടടങ്ങിയ ഭക്ഷണം. ഭരണിയും, കുട്ടയും, വട്ടിയുമെല്ലാം വീടുകളില്‍ നിന്ന് കുട്ടികള്‍ നേരിട്ട് ശേഖരിച്ചു. വില്‍പനയ്ക്കും വാങ്ങാനെത്തിയവരും ഏറെയും കുട്ടികളും അവരുടെ ബന്ധുക്കളും. അധ്യാപകരുടെ സഹായത്തോടെ തയാറാക്കിയ കോഴിക്കോടിന്റെ വിവിധയിടങ്ങളിലെ ഭാഷ നാടിനെക്കുറിച്ച് പറയുന്നു. നാലാം ക്ലാസ് വരെയുള്ള കുട്ടികളുടെ മികവ് മറ്റുള്ളവര്‍ക്ക് കൂടി മനസിലാക്കി നല്‍കുകയായിരുന്നു ലക്ഷ്യം.  

വിവിധ കറന്‍സികളും നാണയങ്ങളും വര്‍ഷങ്ങള്‍ പഴക്കമുള്ള വിവിധയിനം ഉപകരണങ്ങളും ഉള്‍പ്പെടുന്ന ലത്തീഫ് നടക്കാവിന്റെ പൈതൃക പ്രദര്‍ശനവും കുട്ടികള്‍ക്ക് ആവേശമായി. കുറ്റിക്കാട്ടൂരിലെ സുഹൃത്തിന്റെ വീട്ടിലെത്തിയ വിദേശികളും പ്രദര്‍ശനം കാണാനെത്തിയിരുന്നു.