കാൻസർ പദ്ധതി 'ജീവനം 2019' നാലാം ഘട്ടത്തിന് തുടക്കമായി

കോഴിക്കോട് നഗരസഭ കുടുംബശ്രീയുടെ കാന്‍സര്‍ പദ്ധതിയായ ജീവനം 2019ന്റെ നാലാംഘട്ടത്തിന് തുടക്കമായി. രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തി വിദഗ്ധ ചികില്‍സ ലഭ്യമാക്കുകയാണ്  ലക്ഷ്യം. നഗരത്തിലെ വിവിധ കുടുംബശ്രീ കൂട്ടായ്മകളില്‍നിന്നായി മൂന്നൂറ്  വോളന്റിയര്‍മാര്‍ ജീവനത്തിന്റെ ഭാഗമാകും.

വീടുകളില്‍ ഒറ്റപ്പെട്ടുകഴിയുന്ന അര്‍ബുദരോഗികള്‍ക്കായി കാന്‍സര്‍  പുനരധിവാസകേന്ദ്രം ഒരുക്കുകയാണ് നാലാംഘട്ടത്തില്‍ പ്രധാനമായും നടപ്പാക്കുന്നത്. രോഗികളുടെ മാനസിക ശാരീരിക ആരോഗ്യപരിപാലനത്തിന് പ്രാധാന്യം നല്‍കുന്ന യോഗസെന്ററുകളും ആരംഭിക്കും. പദ്ധതിയുടെ മൂന്നാംഘട്ടത്തില്‍ കൂടുതലായി രോഗം കണ്ടെത്തിയത് സ്ത്രീകളിലാണ്. സ്ത്രീകള്‍ക്കായി ബോധവല്‍ക്കരണപരിപാടികള്‍ ഈ വര്‍ഷം നഗരസഭ നടപ്പാക്കും. അന്‍പതുലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

ജീവനം രണ്ടായിരത്തി പത്തൊന്‍പതിന്റെ ഉദ്ഘാടനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു. കണ്ണൂര്‍ മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വനിതാ വിംഗ് എന്നിവരുടമായി സഹകരിച്ചാണ് നാലാംഘട്ടം നടപ്പിലാക്കുന്നത്.