ആക്രമണവും കരുത്തും; ബേപ്പൂർ ആഴക്കടലിൽ അഭ്യാസപ്രകടനം

തീരസംരക്ഷണ സേനയുടെ കരുത്തും ആക്രമണ മികവും വ്യക്തമാക്കി ആഴക്കടലിലെ അഭ്യാസ പ്രകടനം. തീരസുരക്ഷ വാരാചരണത്തിന്റെ ഭാഗമായാണ് കോഴിക്കോട് ബേപ്പൂരില്‍ സൈനികാഭ്യാസം സംഘടിപ്പിച്ചത്. പൊതുജനങ്ങള്‍ക്കും കുട്ടികള്‍ക്കും കപ്പലിനെക്കുറിച്ചും ആയുധപ്രയോഗവും നേരിട്ടറിയാനുള്ള അവസരമായിരുന്നു. 

ശത്രുവിന്റെ ഏതൊരു നീക്കത്തെയും ഇങ്ങനെ വെടിയുതിര്‍ത്ത് പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്. ഏറെ ദൂരത്ത് നിന്ന് നീക്കങ്ങള്‍ തിരിച്ചറിയാനുള്ള സംവിധാനങ്ങള്‍ വേറെയും. കപ്പലിന് നങ്കൂരമിടാന്‍ കഴിയാത്ത സാഹചര്യമുണ്ടായാല്‍ വാട്ടര്‍ സ്കൂട്ടറും സ്കൂബാ ഡൈവിങിലൂടെയും മുങ്ങിത്താഴുന്നവരുടെ ജീവന്‍ തിരിച്ചുപിടിക്കാനാകും. ഓഖിയും, പ്രളയകാലവുമെല്ലാം കടല്‍ കലിതുള്ളാനിടയായപ്പോള്‍ ഇവര്‍ക്ക് വിശ്രമമുണ്ടായിരുന്നില്ല. അന്ന് ഏറെ ശ്രമകരമായി പൂര്‍ത്തിയാക്കിയ ദൗത്യം സമാനമായ രീതിയില്‍ ആഴക്കടലില്‍ തീരസംരക്ഷണ സേന ആവര്‍ത്തിച്ചു. കരയില്‍ നിന്ന് ആറ് നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു അഭ്യാസം. നിമിഷ നേരം കൊണ്ട് കപ്പലുകള്‍ക്ക് വേഗം കൂടാനും കുറയ്ക്കാനും കഴിയുന്നതും ആയുധങ്ങളും രക്ഷാ ഉപകരണങ്ങളും മറ്റൊന്നിലേക്ക് മാറ്റാനുള്ള ശേഷിയും മികവുറ്റ കാഴ്ചയായിരുന്നു. 

മംഗലാപുരത്ത് നിന്നെത്തിയ അമര്‍ത്യ കപ്പലായിരുന്നു പ്രധാന ആകര്‍ഷണം. ലക്ഷദ്വീപില്‍ നിന്ന് പറന്നുയര്‍ന്ന് ബേപ്പൂര്‍ തീരത്തോടടുത്ത ഡോര്‍ണിയര്‍ യുദ്ധവിമാനവും സേനയുടെ കരുത്ത് തെളിയിക്കുന്നതായി.