പാലക്കാട് പൊലീസിന്റെ നേതൃത്വത്തിൽ വാഹനറാലി

സുരക്ഷിത യാത്രയെന്ന സന്ദേശവുമായി പാലക്കാട്ട് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ വാഹനറാലി. ദേശീയപാതയില്‍ വാളയാര്‍ ടോള്‍ പ്ളാസ മുതല്‍ വടക്കഞ്ചേരി പന്നിയങ്കര ടോള്‍ വരെയായിരുന്നു റാലി. 

മുപ്പതാമത് ട്രാഫിക് വാരാഘോഷത്തോടനുബന്ധിച്ചാണ് സുരക്ഷിതയാത്ര എന്ന സന്ദേശവുമായി പൊലീസ് വാഹനറാലി സംഘടിപ്പിച്ചത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ അപകടം നടക്കുന്ന കൊച്ചി സേലം ദേശീയപാതയുടെ വാളയാര്‍ മുതല്‍ വടക്കഞ്ചേരി വരെയുളള ഭാഗത്തായിരുന്നു വാഹന റാലി. ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബഹ്റയുടെ നേതൃത്വത്തില്‍ 150 ഇരുചക്രവാഹനങ്ങളിലായി പൊലീസുകാരും വിവിധ സംഘടനകളും വിന്റേജ് കാറുകളും റാലിയുടെ ഭാഗമായി. ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ ഹെല്‍മറ്റ് ധരിക്കുക, കാറുകളില്‍ പോകുമ്പോള്‍ സീറ്റ് ബല്‍റ്റ് ഇടുക തുടങ്ങി ഗതാഗത നിയമങ്ങളും അപകടം കുറയ്ക്കാനുളള വഴികളും പൊലീസ് വിവരിച്ചു. വിവിധയിടങ്ങളില്‍ സ്കൂള്‍ കുട്ടികള്‍ക്കും ടാക്സി ജീവനക്കാര്‍ക്കും ലഘുലേഖകള്‍ വിതരണം ചെയ്തു. 

തൃശൂര്‍ പാലക്കാട് അതിര്‍ത്തിയിലെ വടക്കഞ്ചേരി പന്നിയങ്കര ടോള്‍ പ്ളാസയിലാണ് റാലി സമാപിച്ചത്.