ബെംഗളൂരു സർവീസ് വെട്ടിക്കുറച്ച് കെഎസ്ആർടിസി; പ്രതിഷേധം ശക്തം

കോഴിക്കോട് തൊട്ടില്‍പ്പാലത്തുനിന്ന് ബെംഗളൂരുവിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധം ശക്തം. നഷ്ടക്കണക്ക് പറഞ്ഞാണ് മലയോര മേഖലയ്ക്ക് ആശ്രയമായിരുന്ന സര്‍വീസ് ആഴ്ചയില്‍ രണ്ടുദിവസമാക്കി കുറച്ചത്.   

വെള്ളി, ശനി ഒഴികെയുള്ള ദിവസങ്ങളില്‍ സര്‍വീസ് നടത്തുന്നത് നഷ്ടമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതോടെ കുറ്റ്യാടി മലയോര മേഖലയില്‍ നിന്ന് ‌ മൈസൂരുവിലേയ്ക്കും ബംഗളൂരുവിലേയ്ക്കും പോകുന്ന വിദ്യാര്‍ഥികളടക്കമുള്ളവര്‍ പ്രതിസന്ധിയിലായി. രാവിലെ 9.30ന് പുറപ്പെടുന്ന ബസ് വൈകിട്ട് 5.30 ന് ബെംഗളൂരുവിലെത്തും. രാത്രി പത്തിന് സാറ്റ്്ലൈറ്റ് സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെടുന്ന ബസ് രാവിലെ ആറിന് തൊട്ടില്‍പ്പാലം സ്റ്റാന്‍ഡില്‍ കയറും. ഡീസല്‍ പണം പോലും കിട്ടുന്നില്ലെന്ന കാരണം പറഞ്ഞാണ് സര്‍വീസ് വെട്ടിച്ചുരുക്കിയതെങ്കിലും സമയം പരിഷ്ക്കരിച്ചാല്‍ പ്രശ്നം തീരുമെന്നാണ് യാത്രക്കാരുടെ വാദം. രാത്രി ഈ ബസിന്‍റെ തൊട്ടുമുന്‍പിലായി ഇതേ റൂട്ടില്‍ വടകര– ബംഗളൂരു സര്‍വീസ് തുടങ്ങിയതാണ് പ്രതിസന്ധിക്ക് കാരണം. 

ബസ് സര്‍വീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന് നിവേദനം നല്‍കി.