മിഠായിത്തെരുവിലെ വാഹന നിയന്ത്രണം: പ്രക്ഷോഭത്തിനൊരുങ്ങി വ്യാപാരികൾ

കോഴിക്കോട് മിഠായിത്തെരുവിലെ വാഹന നിയന്ത്രണത്തിനെതിരെ വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങി വ്യാപാരികള്‍. ഫെബ്രുവരി പതിനഞ്ചിനകം അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിനും നഗരസഭയ്ക്കുമെതിരെ പ്രത്യക്ഷ സമരത്തിലേയ്ക്ക് കടക്കുമെന്നാണ് മുന്നറിയിപ്പ്. വാഹന നിയന്ത്രണം മൂലം കച്ചവടം മൂന്നിലൊന്നായി കുറഞ്ഞുവെന്നാണ് പരാതി. 

2017 ഡിസംബറിലാണ് മിഠായിത്തെരുവില്‍ വാഹന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നവീകരണോദ്ഘാടനത്തിന് പിന്നാലെയായിരുന്നു നടപടി. വാഹന നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് മിഠായിത്തെരുവിലേയ്ക്ക് എത്തുന്ന ആളുകളുടെ എണ്ണം കുത്തനെ കൂടിയിട്ടുണ്ട്. എന്നാലിത് വഴിയോര കച്ചവടക്കാര്‍ക്ക് മാത്രമേ ഗുണം ചെയ്യുന്നുള്ളൂ എന്നാണ് വ്യാപാരികളുടെ വാദം. അതിനാല്‍ തന്നെ വാഹന നിയന്ത്രണം എത്രയും വേഗം പിന്‍വലിച്ചില്ലെങ്കില്‍ സമര പരമ്പര തന്നെ ഉണ്ടാകും. 

ആദ്യ ഘട്ടത്തില്‍ കടയടിച്ചിടില്ല. എന്നാല്‍ പ്രശ്ന പരിഹാരം നീണ്ടാല്‍ രണ്ടാം ഘട്ടത്തില്‍ കടയടച്ചുള്ള സമരത്തിലേയക്ക് കടക്കും. എന്നാല്‍ വാഹനനിയന്ത്രണം പിന്‍വലിക്കാനാകില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ജില്ലാ ഭരണകൂടം.