പാലത്തിനായുള്ള മേലെബാരഗ്രാമത്തിന്റെ കാത്തിരിപ്പ് തുടരുന്നു

കാസര്‍കോട് ജില്ലയിലെ മേലെബാര  ഗ്രാമം ഒരു പാലത്തിനായി  പതിറ്റാണ്ടുകളായി കാത്തിരിക്കുകയാണ്. പാലമില്ലാത്തതിനെത്തുടര്‍ന്ന് ഏഴു കിലോമിറ്റര്‍ ചുറ്റിവളഞ്ഞാണ് ഇപ്പോള്‍ ഇവിടുത്തുകാരുടെ സഞ്ചാരം.

ഉദുമ പഞ്ചായത്തിലൂടെ കടന്നു പോകുന്ന ഒരു പാതയാണിത്. മാങ്ങാട് നിന്ന് ദേശിയപാത അറുപത്തിയാറിലേയ്ക്ക് എളുമെത്താവുന്ന റോഡ്. കൃത്യമായി പറഞ്ഞാല്‍ ദേശിയപാത കടന്നുപോകുന്ന പൊയിനാച്ചിയിലേയ്ക്ക് ഇതുവഴി പോയാല്‍ മുന്നുകിലോമീറ്റര്‍ ദൂരം മാത്രം. പക്ഷേ പാത കടന്നു പോകുന്ന മേലെബാരയിലെ തോടിനു കുറുകെ പാലമില്ലാത്തത് ഈ പാതയിലൂടെയുള്ള വാഹനഗതാഗതത്തിന് വിലങ്ങുതടിയാകുന്നു. വാഹനഗതാഗതം സാധ്യമല്ലാതായതോടെ എഴുകിലോമീറ്ററിലധികം ചുറ്റിയാണ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ ഇപ്പോഴത്തെ യാത്ര. പാലത്തിനായി നാട്ടുകാര്‍ മുട്ടാത്ത വാതിലുകളില്ല. പതിറ്റാണ്ടുകളായി ബന്ധപ്പെട്ടവര്‍ ഇവരുടെ ദുരിതം കണ്ടില്ലെന്നു നടിക്കുകയാണ്.

തോടിനു കുറുകെയുള്ള നടപ്പാലം നിലവില്‍  കൈവരികളില്‍ വിള്ളല്‍ വീണ് അപകടവസ്ഥയിലാണ്. മഴകനക്കുന്നതോടെ ഇതുവഴിയിലുള്ള യാത്ര കൂടുതല്‍ ദുഷ്ക്കരമാകും. പാലത്തിനൊപ്പം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നതും നാട്ടുകാരുടെ നിവേദനപ്പട്ടികയിലുണ്ട്. പക്ഷേ ആവശ്യങ്ങള്‍ ഇപ്പോഴും കടലാസില്‍ മാത്രം ഒതുങ്ങുന്നു.