ഫണ്ടില്ല; കനോലി കനാല്‍ ശുചീകരണം പ്രതിസന്ധിയിൽ

മതിയായ ഫണ്ടില്ലാതെ കോഴിക്കോട്ടെ കനോലി കനാല്‍  ശുചീകരണയജ്ഞത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ മുടങ്ങുമോയെന്ന് ആശങ്ക. ദേശീയ ജലപാത വികസനത്തില്‍ ഉള്‍പെട്ടതിനാല്‍  സംസ്ഥാനഫണ്ട്  അനുവദിക്കുന്നതിനുള്ള സാങ്കേതികതടസ്സമാണ്  യജ്ഞത്തിന്റെ വഴി മുടക്കുന്ന ആശങ്കയ്ക്ക് കാരണം.

 സന്നദ്ധ സംഘടനളുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹകരണത്തോടെെയാണ്    ഒന്നാംഘട്ടം പൂര്‍ത്തിയായത്. ആഴം കൂട്ടി, ഒഴുക്ക്  ഉറപ്പുവരുത്തുകയാണ് അടുത്ത ഘട്ടം. പ്രതിസന്ധി  മറികടക്കാന്‍   കനാലിന്റെ വികസനത്തിനുമാത്രമായി  വിശദമായ പ്രോജക്ട് റിപോര്‍ട്ട് തയാറാക്കാനുള്ള ഒരുക്കത്തിലാണ് കോഴിക്കോട്  കോര്‍പ്പറേഷന്‍.

 ജില്ലാവികസന സമിതിയുടെ അനുമതിയോടെ കോര്‍പ്പറേഷന്റെ തനന് ഫണ്ടില്‍ നിന്ന് പണം അനുവദിക്കാനാണ് ഇപ്പോഴത്തെ ശ്രമം. ശുചീകരിച്ച ഭാഗങ്ങളില്‍ വീണ്ടും മാലിന്യങ്ങള്‍ അടിയുന്നതൊഴിവാക്കുന്നതാണ് മറ്റൊരു വെല്ലുവിളി. കനാലിലേക്ക് തുറക്കുന്ന തോടുകളില്‍ അരിപ്പ സ്ഥാപിക്കാനും  മാലിന്യങ്ങള്‍ എടുത്തൊഴിവാക്കാന്‍ ചെറുവള്ളം വാങ്ങാനും ധാരണയായിട്ടുണ്ട്.