ശുചിമുറിമാലിന്യം തോട്ടിലേക്കൊഴുക്കി; ആറ് ഹോട്ടലുകൾ അടച്ചുപൂട്ടി

കോഴിക്കോട് വടകര കരിമ്പനത്തോട്ടിലേക്ക് ശുചിമുറിമാലിന്യമുള്‍പ്പെടെ ഒഴുക്കിയിരുന്ന ആറ് ഹോട്ടലുകള്‍ പൂട്ടിച്ചു. നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പരിശോധനയില്‍ പിഴവ് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. മുന്നറിയിപ്പില്ലാതെയുള്ള പരിശോധനയെന്ന് ആരോപിച്ച് വടകരയിലെ ഹോട്ടലുകള്‍ ഇന്ന് അടച്ചിടും. 

കരിമ്പനത്തോട്ടിലേക്ക് ശുചിമുറി മാലിന്യം ഉള്‍പ്പെടെ ബോധപൂര്‍വം ഒഴുക്കുന്നതായി ആക്ഷേപമുണ്ടായിരുന്നു. പലയിടത്തും വെള്ളത്തിന് കറുപ്പ് നിറമായി. സമീപത്തെ പല കിണറുകളിലെയും കുടിവെള്ളവും മലിനമായി. ഇതെത്തുടര്‍ന്നാണ് നഗരസഭ സെക്രട്ടറിയുടെ േനതൃത്വത്തില്‍ പരിശോധനയുണ്ടായത്. വ്യാപാരസ്ഥാപനങ്ങളിലെയും ഹോട്ടലുകളിലെയും മലിനജലം തോട്ടിലേക്ക് ഒഴുക്കുന്നതിനെതിരെ നേരത്തെ പലതവണ നോട്ടീസ് നല്‍കിയിരുന്നു. മുന്നറിയിപ്പ് അവഗണിച്ചും നിയമലംഘനം തുടര്‍ന്നതായി കണ്ടെത്തിയ ഹോട്ടലുകള്‍ക്കാണ് താഴിട്ടത്. 

പരിശോധന തുടരുന്നതിനിടയില്‍ ഹോട്ടലുടമകള്‍ പ്രതിഷേധവുമായെത്തിയത് കരിമ്പനപ്പാലത്തെ നാട്ടുകാര്‍ ചോദ്യം ചെയ്തു. നടപടിയില്ലാതെ പിന്‍മാറില്ലെന്ന നാട്ടുകാരുടെ നിലപാടില്‍ വ്യാപാരികള്‍ പിന്‍വാങ്ങി. മാലിന്യസംസ്ക്കരണ പ്ലാന്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നടപ്പാക്കിയാല്‍ മാത്രം സ്ഥാപനം തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമെന്നാണ് നഗരസഭ വ്യക്തമാക്കുന്നത്.