കോഴിക്കോട് ജില്ലാ കലോത്സവത്തിന് നാളെ കൊടിയേറും

കോഴിക്കോട് ജില്ലാ സ്കൂള്‍ കലോല്‍സവത്തിന് നാളെ ( ബുധന്‍ ) വടകരയില്‍ തുടക്കമാകും. മൂന്ന് ദിവസത്തെ മേളയില്‍ അയ്യായിരത്തിലധികം പ്രതിഭകള്‍ പങ്കെടുക്കും. 

കമാനവും തോരണവും കെട്ടിയുള്ള ചമയങ്ങളില്ല. സ്വാഗതം അറിയിച്ചുള്ള കൂറ്റന്‍ പന്തലുമുണ്ടാകില്ല. എന്നാല്‍ കുട്ടികളുടെ പങ്കാളിത്തം കഴിഞ്ഞതവണത്തേക്കാള്‍ കൂടുതലാണ്. പരിമിതമായ സൗകര്യങ്ങളില്‍ ഓരോ സ്കൂളിന്റെയും മികവാര്‍ന്ന പങ്കാളിത്തം ഉറപ്പിക്കുന്നതിനാണ് സംഘാടകരുടെ ശ്രമം. 

പതിനെട്ട് വേദികളിലായി ഇരുന്നൂറ്റി പതിനഞ്ച് മല്‍സരങ്ങള്‍ നടക്കും. ഉദ്ഘാടനമോ സമാപനച്ചടങ്ങോ ഉണ്ടാകില്ല. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് മാത്രമാകും സമ്മാനം. ആറ് ലക്ഷം രൂപയാണ് മേളയുടെ നടത്തിപ്പിനായി വിദ്യാഭ്യാസ വകുപ്പ് അനുവദിച്ചിട്ടുള്ളത്.