അനധികൃത കെട്ടിടനിർമാണത്തിന് വ്യാജസീൽ; അതീവ ഗൗരവതരമെന്ന് നഗരസഭാ കൗൺസിൽ

കോഴിക്കോട് മഹിളാ മാളിലെ കടമുറികള്‍ക്ക് അധിക വാടക ചുമത്തുന്നതായി പരാതി. നഗരത്തിലെ അനധികൃത കെട്ടിട നിര്‍മാണത്തിന് വ്യാജസീലുപയോഗിച്ചത് അതീവ ഗൗരവതരമെന്നും നഗരസഭാ കൗണ്‍സില്‍ വിലയിരുത്തി. സൗത്ത് ബീച്ചില്‍ നിന്ന് ലോറിസ്റ്റാന്‍ഡ് മാറ്റുന്ന കാര്യത്തില്‍ വിട്ടുവീഴ്ച്ചയില്ലാത്ത നടപടിയുമായി മുന്നോട്ടുപോകാനാണ് തീരുമാനം. 

കുടുംബശ്രീയുെട പുതിയ സംരംഭമായ മഹിളാ മാളിലെ കടമുറികള്‍ക്ക് അധിക വാടക ചുമത്തുന്നുവെന്ന്  മുസ്്ലിം ലീഗ് കൗണ്‍സിലര്‍മാരാണ് പരാതി ഉന്നയിച്ചത്.  എന്നാല്‍ ഇത് നഗരസഭയുമായി നേരിട്ട് ബന്ധപ്പെടുന്ന  വിഷയമല്ലെന്നായിരുന്നു മേയറുടെ മറുപടി. വിഷയം ചര്‍ച്ച ചെയ്യാന്‍ വിസമ്മതിച്ചത് തര്‍ക്കത്തിനിടയാക്കി. 

നഗരത്തിലെ അനധികൃത കെട്ടിടത്തിന് നിര്‍മാണത്തിനായി ടൗണ്‍ പ്ലാനിംഗ് ഓഫിസറുടെ വ്യാജസീല്‍ ഉപയോഗിച്ച സംഭവം കൗണ്‍സിലില്‍ ചര്‍ച്ചയായി. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കിയ മേയര്‍,  അന്വേഷണത്തിനായി പ്രത്യേക സമിതിയെ നിയോഗിക്കണമെന്ന ആവശ്യത്തിന്മേല്‍ ചര്‍ച്ച ചെയ്തേ തീരുമാനമെടുക്കാനാകൂ എന്ന് വ്യക്തമാക്കി. സൗത്ത് ബീച്ചിലെ ലോറി പാര്‍ക്കിങ്ങിന് ബദല്‍  സംവിധാനമൊരുക്കിയിട്ടും പുതിയ സ്ഥലത്തേക്ക് മാറാന്‍ ലോറി ഉടമകള്‍ തയാറാകാത്തത് ദൗര്‍ഭാഗ്യകരമാണ്. റോഡിന്‍റെ ഇരുവശവുമുള്ള പാര്‍ക്കിംഗ് ഒരു കാരണവശാലും അനുവദിക്കില്ലെന്നും ശ്രദ്ധ ക്ഷണിക്കലിനു മറുപടിയായി മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ വ്യക്തമാക്കി.