പാറുവമ്മയ്ക്കും നാരായണിക്കും ഇനി അടച്ചുറപ്പുള്ള വീട്

കാസര്‍കോട് ,പടുവളം പടിഞ്ഞാറേപ്പുരയിൽ പാറുവമ്മയ്ക്കും, നാരായണിക്കും ഇനി അടച്ചുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങാം. നിരാലംബരായ ഇവരുടെ ദയനീയാവസ്ഥ മനസിലാക്കി ചന്തേര ജനമൈത്രി പോലീസാണ് വീടുവച്ചു നല്‍കിയത്. പ്രദേശത്തെ വിവിധ സംഘടനകളും ക്ലബുകളും സഹായവുമായി ഒപ്പമുണ്ടായിരുന്നു.   

നല്ലൊരുകാറ്റടിച്ചാല്‍ നിലംപൊത്താവുന്ന വീടുകളിലായിരുന്നു ബന്ധുക്കളായ പാറുവമ്മയും, നാരായണിയും ഇതുവരെ താമസിച്ചിരുന്നത്. തൊഴിലുറപ്പ് ജോലികളില്‍ നിന്ന് നാരായണിക്ക് ലഭിക്കുന്ന തുച്ഛമായ തുക മാത്രമായിരുന്നു ഇവരുടെ വരുമാനം. നാരായണി ജോലിക്കിടെ തളർന്നു വീണ്  കിടപ്പിലായതോടെ ഇവരുടെ ദുരിതകാലം ആരംഭിച്ചു. നാട്ടുകാരുടെ കാരുണ്യം കൊണ്ടാണ് ചികിത്സയും ഭക്ഷണവും നടക്കുന്നത്. ചന്തേര സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പ്രദീപ് കുമാറാണ് ഇവരുടെ ദുരിത ജീവിതം പുറംലോകത്തെ അറിയിച്ചത്. എസ്.ഐ വിപിൻ ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. അടച്ചുറപ്പുള്ള വീടാണ് ഇവര്‍ക്ക് ഏറ്റവും അത്യാവശ്യമെന്ന് മനസിലാക്കിയതോടെ ജനമൈത്രി പോലീസ് തന്നെ ദൗത്യം ഏറ്റെടുത്തു. ഒരു മാസം കൊണ്ടാണ് വീടുപണി പൂർത്തികരിച്ചു. 

പ്രദേശത്തെ ഫുട്ബോൾ ക്ലബ് ടൂർണ്ണമെന്റ് നടത്തി ലഭിച്ച തുകയില്‍ ഒരു ഭാഗം വീടു നിർമ്മാണത്തിന് സംഭവാന ചെയ്തു. കേരള അയേൺ ഫാബ്രിക്സ് ആൻറ് എഞ്ചിനിയറിംഗ് അസോസിയേഷൻ തൃക്കരിപ്പൂർ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ ആവശ്യമുള്ള സാധനങ്ങളും തൊഴിലാളികളേയും എത്തിച്ചു നൽകി. തകർന്നു വീഴാറായ കൊച്ചുകൂരയിൽ നിന്ന് പാറുവമ്മയും, നാരയണിയും സുരക്ഷിതത്വമുള്ള വീടിലേക്ക് താമസം മാറുമ്പോൾ ഒരു നാടൊന്നാകെ സന്തോഷിക്കുകയാണ്. ഇരുവര്‍ക്കും ഉപജീവനത്തിനുള്ള വകകൂടി കണ്ടെത്താനുള്ള ശ്രമങ്ങളും നടക്കുന്നു.