നടക്കാവ് സ്ക്കൂളിൽ രക്തദാന ക്യാംപ്; രക്ഷിതാക്കളിൽ നിന്ന് രക്തം സ്വീകരിച്ചു

പഠനത്തില്‍ മുന്‍നിരയിലുള്ള കുട്ടികള്‍ പിറന്നാള്‍ സമ്മാനങ്ങള്‍ക്ക് പകരമായി രക്ഷിതാക്കളോട് ചോദിച്ചത് രക്തദാനത്തിനുള്ള മനസ്. ആവശ്യം മാതാപിതാക്കള്‍ സന്തോഷത്തോടെ അംഗീകരിച്ചപ്പോള്‍ നൂറിലധികം ജീവനുകള്‍ക്ക് സഹായമായി. കോഴിക്കോട് നടക്കാവ് എച്ച്.എസ്.എസിലെ കുട്ടികളാണ് രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ സ്കൂളില്‍ രക്തദാന ക്യാംപ് സംഘടിപ്പിച്ചത്.  

പഠനത്തിനൊപ്പം നന്‍മ നിറഞ്ഞ വഴിയിലൂടെ ഏറെ സഞ്ചരിക്കാന്‍ കഴിയുമെന്ന് പലതവണ തെളിയിച്ച കുട്ടികള്‍. ആഘോഷങ്ങള്‍ ഒഴിവാക്കി വയോജനങ്ങള്‍ക്ക് കമ്പിളി വാങ്ങിയും വീട്ടിലുണ്ടാക്കിയ നാടന്‍ ഭക്ഷണങ്ങളുടെ വില്‍പനയിലൂടെ കുടുംബസഹായനിധി കണ്ടെത്തിയും ഇവര്‍ മാതൃകയായി. നിരവധി ജീവനുകള്‍ക്ക് ശ്വാസം നിലനിര്‍ത്താനുള്ള രക്തം ശേഖരിക്കലായിരുന്നു ഇത്തവണത്തെ ലക്ഷ്യം. രക്ഷിതാക്കളെ തന്നെ സമീപിച്ചു. കുട്ടികളുടെ താല്‍പര്യമറിഞ്ഞപ്പോള്‍ പൂര്‍ണ പിന്തുണ. നൂറിലധികം കുപ്പി രക്തം ശേഖരിക്കാനായി. 

കോഴിക്കോട് മെഡിക്കല്‍ കോളജിലെ രക്തബാങ്കിലേക്കാണ് കൈമാറിയത്. സ്കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു ക്യാംപ്. ഇതോടൊപ്പം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും രക്തഗ്രൂപ്പ് നിര്‍ണയത്തിനുള്ള അവസരവുമുണ്ടായിരുന്നു