വികെ കടവ് റോഡ് തകർന്ന് യാത്രാ ദുരിതം രൂക്ഷം

പാലക്കാട്തൃത്താലയിൽ നിന്ന് പട്ടാമ്പിയിലേക്കുള്ള വികെ കടവ് റോഡ് തകർന്ന് യാത്രാദുരിതം രൂക്ഷമായി.  എട്ട് കിലോമിറ്റർ വരുന്ന പാതയിൽ ഭൂരിഭാഗവും തകർന്നു കിടക്കുകയാണ്. മിക്കയിടത്തും പാതയിൽ നിന്നും ടാറും മെറ്റലും അടർന്ന് മാറി വലിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നു. മഴ പെയ്താൽ വെള്ളം നിറഞ്ഞ് റോഡിലൂടെയുള്ള യാത്ര ദുർഘടമാവും.പാതയിൽ ഗതാഗതക്കുരുക്കും നിത്യസംഭവമായി.

കഴിഞ്ഞ വേനലിൽ റോഡിലെ കുഴികൾ നിറഞ്ഞ ഭാഗങ്ങളിൽ ചെറിയ തോതിലുള്ള അറ്റകുറ്റപ്പണി നടത്തിയിരുന്നു. മിക്കയിടത്തും കൊടുംവളവുകളിലാണ് റോഡ് തകർന്നിരിക്കുന്നത്. വളവിൽ ഇരുവശത്തു നിന്നും വരുന്ന വാഹനങ്ങൾ കുഴികൾ ഒഴിവാക്കാൻ ഒരേ ദിശയിലൂടെ സഞ്ചരിക്കുന്നു. ഇത് ഏറെ അപകട സാധ്യത സൃഷ്ടിക്കുന്നു. റോഡ് പൂർണ്ണമായും തകർന്ന ഇടങ്ങളിൽ വാഹനങ്ങൾ പാതയരികിലൂടെ സഞ്ചരിക്കുന്നത് കാൽനടയാത്രക്കാരുടെ ജീവനും ഭീഷണിയായി.

അമ്പലവട്ടം, ഉള്ളന്നൂർ, കണ്ണനൂർ, കരിമ്പനക്കടവ് ഭാഗങ്ങളിലാണ് യാത്ര ഏറെ ദുരിതമായത്.  മഴ കുറഞ്ഞാൽ അതിരൂക്ഷമായ പൊടിശല്ല്യവും സഹിച്ച് വേണം യാത്ര ചെയ്യാൻ.എടപ്പാൾ, പൊന്നാനി, കുറ്റിപ്പുറം ഭാഗങ്ങളിൽ നിന്ന് ബസുകൾ ഉൾപ്പടെ നൂറുകണക്കിന് വാഹനങ്ങളാണ് ഇതിലൂടെ കടന്നുപോവുന്നത്.  എന്നാൽ 80 ലക്ഷം രൂപ റോഡ് നവീകരണത്തിനായി വകവകയിരുത്തിയെന്നും ടെൻഡർ നടപടി പൂർത്തിയാക്കി നവീകരണ ജോലികൾ ആരംഭിക്കുമെന്നുമാണ് തൃത്താല പൊതുമരാമത്ത് റോഡ് വിഭാഗം ഉദ്യോഗസ്ഥരുടെ വിശദീകരണം.