മൺപാത്ര നിർമാണവുമായി മലപ്പുറത്തെ വിദ്യാർത്ഥികൾ

അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന  മൺപാത്ര നിർമാണം വിദ്യാര്‍ഥികളിലൂടെ വരുംതലമുറക്ക് കൈമാറാനുളള ശ്രമത്തിലാണ് മലപ്പുറം വാവൂർ എ എം എൽ പി സ്കൂൾ . മണ്ണിലൂടെ നടക്കാം എന്ന മൂന്നാംക്ലാസ് പുസ്തകത്തിലെ പാഠഭാഗം പ്രാവര്‍ത്തികമാക്കാനൊരുങ്ങുകയാണ് വിദ്യാര്‍ഥികള്‍. 

കാലാഹരണപ്പെട്ടു തുടങ്ങിയ മൺപാത്ര നിർമാണം പരിചയപ്പെടുത്തിയപ്പോള്‍ കുട്ടികളത് ആവേശത്തോടെ ഏറ്റെടുത്തു. പിടിഎ ഭാരവാഹിയും മൺകലനിർമാണ വിദഗ്ധനുമായ രാജനും സുഹൃത്തുക്കളുമാണ് കുട്ടികളെ നിർമാണം പഠിപ്പിക്കാനെത്തിയത്. കളിമണ്ണ് കൊണ്ട് സുന്ദരമായ ചട്ടിയും ,കൂജയും ,പൂച്ചട്ടിയുമെല്ലാം രൂപമെടുത്തപ്പോള്‍ കുട്ടികളും കഴിയുംവിധമുളള സഹായവുമായെത്തി. ഫാസ്റ്റ് ഫുഡിനൊപ്പം പാത്രങ്ങള്‍ പോലും രോഗങ്ങള്‍ക്ക് കാരണമാകുബോള്‍ എല്ലാവരും മണ്‍പാത്രങ്ങളിലേക്ക് മടങ്ങണമെന്ന സന്ദേശവും നല്‍കാനായി.

സ്വന്തം വീടുകളില്‍ ഇനി മുതല്‍ പാചകത്തിന് മണ്‍പാത്രങ്ങള്‍ ഉപയോഗിക്കുമെന്ന് പ്രതിജ്ഞയെടുത്താണ് സ്കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും പിരിഞ്ഞത്.