പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കും വീട്; സൗജന്യമായി നിർമിച്ച് നൽകി ഒരു ട്രസ്റ്റ്

പ്രളയത്തില്‍  വീട് നഷ്ടമായവര്‍ക്ക് പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ കഴിയുന്ന വീടുകള്‍ സൗജന്യമായി നിര്‍മ്മിച്ചുനല്‍കി മാതൃകയാകുകയാണ് കോഴിക്കോട് വടകരയിലെ സന്നദ്ധ സംഘടനയായ ദയ റിഹാബിലിറ്റേഷന്‍ ട്രെസ്റ്റ്. പ്രളയം രൂക്ഷമായി ബാധിച്ച നാലു ജില്ലകളില്‍ മുന്നൂറ് വീടുകളാണ് ട്രെസ്റ്റ് നിര്‍മ്മിച്ചുനല്‍കുന്നത്

തെരുവില്‍ ഉപേക്ഷിക്കപ്പെട്ടവര്‍ക്കും  ആലംബഹീനര്‍ക്കും എന്നുമൊരു അത്താണിയാണ് ദയ റിഹാബിലിറ്റേഷന്‍ ട്രെസ്റ്റിന് കീഴിലെ  തണല്‍ കേന്ദ്രങ്ങള്‍. വടകരയില്‍ പടര്‍ന്ന് പന്തലിച്ച ഈ സ്നേഹകൂട്ടായ്മയുടെ തണലില്‍ കഴിയുന്നവര്‍ നൂറിലേറെയുണ്ട്.പ്രളയത്തില്‍ വീടുനഷ്ടമായവരുടെ കണ്ണീരൊപ്പാനാണ് ട്രസ്റ്റിന്റെ അടുത്ത ലക്ഷ്യം. ഭൂകമ്പങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്ന ,ഏതു പ്രളയം വന്നാലും തകരാത്ത വീടുകളാണ് തണല്‍ സൗജന്യമായി നിര്‍മ്മിച്ചുനല്‍കുന്നത്. ഇടുക്കി , വയനാട് ,എറണാകുളം,തൃശ്ശൂര്‍ ജില്ലകളിലാണ് വീടുവച്ചുനല്‍കുന്നത്

നാലു ലക്ഷം രൂപയാണ് ഒരു വീടിന്റെ മുടക്കുമുതല്‍. രണ്ടാഴ്ചക്കുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന വീടുകള്‍ അത്യാവശ്യ സമയങ്ങളില്‍ 

അഴിച്ചെടുത്ത് മറ്റൊരിടത്ത് സ്ഥാപിക്കാനും കഴിയും.