ഓടിക്കാൻ ആളില്ല; കുടുംബശ്രീയുടെ ബഗ്ഗി സേവനം നിശ്ചലമായി

കോഴിക്കോട് മിഠായിത്തെരുവിലെ ബഗ്ഗി വാഹനങ്ങള്‍ സവാരി നിര്‍ത്തി. അംഗപരിമിതരെയും വയോധികരും ലക്ഷ്യമിട്ട്  കുടുംബശ്രീ ഒരുക്കിയ സേവനമാണ് നിശ്ചലമായത്. വാഹനമോടിക്കാന്‍ ആളെക്കിട്ടുന്നില്ലെന്നാണ് വിശദീകരണം.

നവീകരിച്ച തെരുവിലൂടെയുള്ള മധുരസവാരിക്കെത്തിയ ബഗ്ഗി വാഹനങ്ങള്‍ ഇങ്ങനെ മൂടിക്കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു. ഗതാഗതനിയന്ത്രണത്തിനുശേഷം വയോധികര്‍ക്കും അംഗപരിമിതര്‍ക്കും തെരുവിലൂടെ യാത്ര ചെയ്യാനാണ് ബഗ്ഗി സവാരി ഒരുക്കിയത്. ഒരു യാത്രയ്ക്ക് പത്തുരൂപയാണ് ഈടാക്കിയിരുന്നത്. രണ്ടുവാഹനങ്ങളാണ്  ആദ്യഘട്ടത്തില്‍ എത്തിച്ചത്. കുടുംബശ്രീയുടെ നിയന്ത്രണത്തിലായിരുന്നു വാഹനങ്ങള്‍. എന്നാല്‍ നവീകരിച്ച തെരുവിലൂടെ ഒന്നരമാസം മാത്രമാണ് ബഗ്ഗി ഒാടിയത്. 

ഒരു വാഹനത്തിന് നാല് ലക്ഷത്തോടടുത്ത് മുടക്കുണ്ട്. എന്നാല്‍ വാഹനമോടിക്കാന്‍ ആളെക്കിട്ടാത്ത അവസ്ഥ അംഗപരിമിതരുടെ സൗകര്യത്തിന് പൂട്ടിട്ടു. വാഹനമോടിക്കാന്‍ പരിശീലനം നേടിയവരും വൈകാതെ മറ്റ് തൊഴിലിടങ്ങള്‍ തേടിയതാണ് പ്രതിസന്ധിക്കിടയാക്കിയത്.