കയ്യേറ്റം ഒഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധം; പിന്നോട്ടില്ലെന്ന് റവന്യൂ വകുപ്പ്

കോഴിക്കോട് കല്ലായിപ്പുഴയിലെ കയ്യേറ്റം  ഒഴിപ്പിക്കുന്നതിനെതിരെ  പ്രതിഷേധം. ജണ്ട സ്ഥാപിക്കാനെത്തിയ റവന്യു ഉദ്യോഗസ്ഥരെ വ്യാപാരികള്‍ തടഞ്ഞു.  ഒഴിപ്പിക്കലുമായി മുന്നോട്ടുപോകാനാണ് റവന്യുവകുപ്പിന്റെ തീരുമാനം.

പുഴ പുറമ്പോക്ക്  സംരക്ഷിക്കുന്നതിന് ജണ്ട സ്ഥാപിക്കാനെത്തിയ റവന്യു ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പ്രതിഷേധം. കാലങ്ങളായി പുഴയോട് ചേര്‍ന്ന ഭൂമിയില്‍ കച്ചവടം നടത്തുന്ന മരവ്യാപാരികളാണ്  പ്രതിഷേധത്തിന് പിന്നില്‍ . കയ്യേറ്റം ഒഴിപ്പിച്ച് ജെണ്ട കെട്ടി തിരിക്കുന്നതിന് കോടതി സ്റ്റേ ഉണ്ടെന്നാണ് വ്യാപാരികളുടെ വാദം.

പാട്ടകാലാവധി കഴിഞ്ഞ ഭൂമി വ്യാജ രേഖകളുടെ അടിസ്ഥാനത്തിലാണ് പലരും കൈവശം വെയ്ക്കുന്നതെന്ന് നേരത്തെ റവന്യു വകുപ്പ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്  ഇപ്പോഴത്തെ നടപടി. പ്രതിഷേധം വകവെയ്ക്കാതെ   കയ്യേറ്റ ഭൂമിയില്‍ ജണ്ട കെട്ടിയാണ് അസിസ്റ്റന്റ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം മടങ്ങിയത്.