കക്കയത്തിലേക്കുള്ള യാത്ര ദുരിതത്തിൽ; പാതയില്‍ മണ്ണിടിച്ചില്‍ പതിവ്

പ്രളയക്കെടുതിയില്‍ തകര്‍ന്ന കോഴിക്കോട് കക്കയം ഡാം പാത പുനര്‍നിര്‍മിക്കാന്‍ രണ്ടരമാസമായിട്ടും നടപടിയില്ല. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് ചാക്കും പാറയും നിരത്തിയാണ് വാഹനം കടത്തിവിടുന്നത്. അപകടാവസ്ഥയെത്തുടര്‍ന്ന് സഞ്ചാരികള്‍ പലരും പാതിവഴിയില്‍ യാത്രനിര്‍ത്തി മടങ്ങുകയാണ്. കക്കയത്തേക്കുള്ള പാതയില്‍ പത്തിലധികം ഇടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. കല്ലും മണ്ണും പൂര്‍ണമായും നീക്കം ചെയ്യാനായിട്ടില്ല. ഡാമിലേക്ക് സഞ്ചാരികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ട്. എന്നാല്‍ പലരും പാതിവഴിയില്‍ യാത്ര ഒഴിവാക്കുകയാണ്. 

നിരത്തിയിരിക്കുന്ന കല്ലൊന്നിളകിയാല്‍ കക്കയം ഡാമിലേക്കുള്ള യാത്രാസൗകര്യം പൂര്‍ണമായും നിലയ്ക്കും. പ്രളയക്കെടുതിയില്‍പ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും റോഡ് പൂര്‍വസ്ഥിതിയിലാക്കാന്‍ പൊതുമരാമത്ത് വകുപ്പ് നടപടിയെടുത്തിട്ടില്ല. കക്കയത്തിന്റെ തണുത്ത കാലാവസ്ഥ ആസ്വദിക്കാനെത്തുന്നവരില്‍ പലര്‍ക്കും നടുവൊടിക്കുന്ന യാത്രയെക്കുറിച്ചാണ് പരാതി. 

മഴയൊന്ന് കനത്താല്‍ കക്കയം പാതയില്‍ മണ്ണിടിച്ചില്‍ പതിവാണ്. അപകടകരമായ പാറക്കല്ലുകള്‍ നീക്കി സംരക്ഷണഭിത്തി കെട്ടി റോഡ് പുനര്‍നിര്‍മിക്കണമെന്നാണ് ആവശ്യം. നീര്‍ച്ചാലുകള്‍ ഒഴുകിയിറങ്ങുന്നതിനുള്ള വഴിയൊരുക്കണം. അങ്ങനെയല്ലെങ്കില്‍ മഴക്കാലം കക്കയം ഡാമിലേക്കുള്ള വഴിയടയുന്ന സമയം കൂടിയാകും. ടെണ്ടര്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്നും പണികള്‍ വേഗത്തില്‍ തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.