കണ്ണൂർ പാലക്കയം, പൈതൽമല എന്നിവിടങ്ങളിലെത്തുന്ന സഞ്ചാരികളുടെ എണ്ണം കുറഞ്ഞു

കണ്ണൂർ ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളായ പാലക്കയം, പൈതൽമല എന്നിവിടങ്ങളിലെത്തുന്ന സഞ്ചാരികളുടെ എണ്ണം കുറഞ്ഞു. ജില്ലയിലെ ഏക ദേശസാൽകൃത റൂട്ടായ ഒടുവള്ളി-കുടിയാൻമല റൂട്ടിൽ യാത്ര ക്ലേശം രൂക്ഷമായതാണ് പ്രതിസന്ധിക്കു കാരണം.

തളിപ്പറമ്പ് കുടിയാൻമല റൂട്ടിൽ ഓടിക്കൊണ്ടിരുന്ന KSRTC ബസ്സുകൾ സർവ്വീസ് കുറച്ചതോടെയാണ് യാത്രാദുരിതം വര്‍ധിച്ചത്. ‍ഡീസല്‍ ക്ഷാമവും സിംഗിള്‍ ഡ്യൂട്ടിയും റോഡിന്റെ തകര്‍ച്ചയുമാണ് സര്‍വീസുകള്‍ വെട്ടിചുരുക്കാന്‍ കാരണം. ഈ റൂട്ടിൽ KSRTC 60 ഓളം സർവീസുകൾ നടത്തിയിരുന്നു. ഇപ്പോൾ അത് 20ൽ താഴെയായി കുറഞ്ഞു. ഇതില്‍ മിക്കതും നാട്ടുകാര്‍ക്ക് ഉപകാരപ്പെടാത്ത സമയത്താണ്. രാവിലെ സ്കൂളിലേക്ക് പുറപ്പെടുന്ന കുട്ടികൾ മിക്കപ്പോഴും ക്ലാസിൽ എത്തുക 10 മണിക്ക് ശേഷമാണ്. അതുപോലെ വീട്ടിൽ തിരിച്ചെത്തുന്നതും രാത്രിയിലാണ്. 

റോഡിന്റെ നവീകരണം അനന്തമായി നീളുകയാണ്. ഇരുപത്തിയേഴ് കോടിരൂപയ്ക്ക് നല്‍കിയ കരാര്‍ കലാവധി തീരാറായെങ്കിലും നിര്‍മാണം എങ്ങുമെത്തിയില്ല. പൊട്ടിപൊളിഞ്ഞ റോഡായതിനാല്‍ ഓട്ടോ ടാക്സി വാഹനങ്ങളും ഇവിടേക്ക് വരാന്‍ മടിക്കുകയാണ്.