മിഠായിത്തെരുവില്‍ തെരുവുഗായകര്‍ക്ക് നിരോധനമില്ലെന്ന് പൊലീസ്

കോഴിക്കോട് മിഠായിത്തെരുവില്‍ തെരുവുഗായകര്‍ക്ക് നിരോധനമില്ലെന്ന് പൊലീസ്. തിരക്കൊഴിവാക്കാന്‍ ഉദ്യോഗസ്ഥര്‍ കൊണ്ടുവരുന്ന നിയന്ത്രങ്ങളെ ചിലര്‍ തെറ്റായി വ്യാഖ്യാനിക്കുകയാണ്. പൈതൃക ഇടമെന്ന നിലയിലുള്ള നിയന്ത്രണമുണ്ടെങ്കിലും കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള സൗകര്യം നിഷേധിക്കില്ലെന്നും പൊലീസ് അറിയിച്ചു. 

വര്‍ഷങ്ങളായി നഗരത്തില്‍ പാടുന്ന ബാബുവിനെയും കുടുംബത്തെയും മിഠായിത്തെരുവില്‍ പൊലീസ് വിലക്കിയതാണ് തുടക്കം. പാട്ടിനിടെ പൊലീസുകാരെത്തി ഇവരോട് മാറാന്‍ ആവശ്യപ്പെട്ടു. ബാബുവിനെ പിന്തുണച്ച് നാട്ടുകാരും ചില വ്യാപാരികളുമെത്തിയത് തര്‍ക്കത്തിനിടയാക്കി. എന്നാല്‍ ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ പ്രതിഷേധമാണ് അത്തരമൊരു സംഭവത്തിന് കാരണമായതെന്നാണ് പൊലീസ് നിലപാട്. 

മിഠായിത്തെരുവില്‍ ചെറിയ കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള അനുമതി തുടരും. എന്നാല്‍ തിരക്കേറിയ സമയങ്ങളില്‍ പൂര്‍ണമായ നിയന്ത്രണമുണ്ടാകും. ജില്ലാഭരണകൂടവും കോര്‍പ്പറേഷന്‍ അധികൃതരുമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തിട്ടുള്ളത്. മറ്റ് അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കുന്നതിനും വാഹനഗതാഗതം കൃത്യമാക്കുന്നതിനുമാണ് ഈ രീതി തുടരുന്നതെന്നും ടൗണ്‍ പൊലീസ് വ്യക്തമാക്കി.