നഷ്ടപരിഹാരം നല്‍കാതെ വീടൊഴിയാന്‍ നോട്ടീസ്

ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് വടകരയില്‍ നഷ്ടപരിഹാരം നല്‍കാതെ വീടൊഴിയാന്‍ കുടുംബങ്ങള്‍ക്ക് നോട്ടീസ്. കൊയിലാണ്ടി താലൂക്കില്‍പ്പെടുന്ന ഇരുപത്തി ആറ് കുടുംബങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ മാറണമെന്നാണ് ദേശീപാത അതോറിറ്റിയുടെ ആവശ്യം. കൃത്യമായ രേഖകള്‍ നല്‍കിയിട്ടും ഇവര്‍ക്ക് പണം അനുവദിക്കുന്നതിനുള്ള നടപടിയില്ല.

നാലാംകണ്ടത്തില്‍ ശശിയ്ക്ക് സ്വന്തമായുള്ളത് പതിമൂന്നര സെന്റ് സ്ഥലം. ഒരു സെന്റൊഴികെ പൂര്‍ണമായും ദേശീയപാതയ്ക്കായി വിട്ടുനല്‍കണം. എങ്ങനെ കരകയറണമെന്ന് ഇപ്പോഴും നിശ്ചയമില്ലാത്ത അവസ്ഥയിലാണ് ഏഴ് ദിവസത്തിനുള്ളില്‍ വീടൊഴിയണമെന്ന നോട്ടീസ് കിട്ടിയത്. വാടകവീട്ടിലേക്ക് മാറിയെങ്കിലും വൈദ്യുതി ബോര്‍ഡിലെ ചെറിയവരുമാനം ഒന്നിനും തികയാത്ത നിലയാണ്. അര്‍ഹമായ നഷ്ടപരിഹാരം കിട്ടിയില്ലെന്ന് മാത്രമല്ല നിര്‍ബന്ധിച്ച് വീടൊഴിപ്പിക്കാനുള്ള ശ്രമമാണുള്ളത്.  

മൂരാടില്‍ മാത്രം ഇരുപത്തി ആറ് കുടുംബങ്ങളാണ് നഷ്ടം കിട്ടാതെ വീടൊഴിയാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്. പലര്‍ക്കും കിടപ്പാടവും കച്ചവടസ്ഥാപനങ്ങളും ഉള്‍പ്പെടെ നഷ്ടപ്പെട്ടു. നിലയുറപ്പിക്കാന്‍ വര്‍ഷങ്ങളുടെ പരിശ്രമം വേണ്ടിവരും. പുതിയ മൂരാട് പാലത്തിന്റെ രൂപരേഖയുമായി ബന്ധപ്പെട്ടും അവ്യക്തതയുണ്ട്. പാലം നിര്‍മിക്കുമെന്നറിയിച്ചിട്ടുള്ള സ്ഥലത്തിന് എതിര്‍ദിശയിലാണ് നിലവിലെ ഭൂമിയേറ്റെടുക്കല്‍. അങ്ങനെവന്നാല്‍ മറുഭാഗത്തും ഭൂമിയേറ്റെടുക്കേണ്ടിവരും. കൂടുതല്‍ കുടുബങ്ങളെ ഒഴിപ്പിക്കേണ്ട സാഹചര്യമുണ്ടാകും.  ആശയക്കുഴപ്പം നീക്കി അര്‍ഹമായ നഷ്ടപരിഹാരത്തോടെയുള്ള ഭൂമിയേറ്റെടുക്കലാണ് നാട്ടുകാരുടെ ആവശ്യം.