സ്ത്രീകൾക്ക് സുരക്ഷിത താവളമൊരുക്കി ഷീ ലോഡ്ജ്

കാസർകോട് ജില്ലയിലെത്തുന്ന സ്ത്രീകള്‍ക്ക് നിര്‍ഭയമായി രാത്രി തങ്ങാന്‍ ഷീ ലോഡ്ജ് ഒരുങ്ങി. കാഞ്ഞങ്ങാട് ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് നഗരസഭയുടെ താമസ സൗകര്യം. സംസ്ഥാന സർക്കാരിന്റെ ഷീ ലോഡ്ജ് പദ്ധതി പൂർത്തിയാക്കിയ ആദ്യ നഗരസഭയായി കാഞ്ഞങ്ങാട്. 

കഴിഞ്ഞ ബജറ്റിലാണ് ഷീ ലോഡ്ജ് പദ്ധതി സർക്കാർ പ്രഖ്യാപിച്ചത്. പ്രഖ്യാപനം വന്ന ഉടൻ പദ്ധതി പ്രാവർത്തികമാക്കാനുള്ള ശ്രമങ്ങൾ നഗരസഭ ആരംഭിച്ചു. ഏഴുമാസം കൊണ്ട് കെട്ടിടം പൂർത്തിയാക്കി. കാഞ്ഞങ്ങാടിന്റെ ഹൃദയഭാഗത്ത് 45 ലക്ഷം രൂപ ചെലവിൽ ഷീ ലോഡ്ജ് ഒരുങ്ങി. പുതിയ ബസ് സ്റ്റാൻഡ് പരിസരത്താണ് രണ്ടു നില കെട്ടിടം. മുകളിലെ നിലയിൽ ശുചിമുറികളോട് കൂടിയ അഞ്ചു മുറികളാണ് നിലവിൽ സ്ത്രി യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നത്. ഒരേസമയം പത്തുപേർക്ക് താമസിക്കാനുള്ള സൗകര്യം. താമസക്കാർക്കു വേണ്ട ഭക്ഷണവും ഇവിടെയൊരുക്കും. 

രാജ്യത്ത് എവിടെയുള്ളവർക്കും മുറി ബുക്ക് ചെയ്യുന്നതിന് ഓൺലൈൻ സംവിധാനവുമുണ്ടാകും.കുടുംബശ്രീക്കാണ് ലോഡ്ജിന്റെ നടത്തിപ്പു ചുമതല. സൂപ്പർ മാർക്കറ്റ് അടക്കമുള്ള സൗകര്യങ്ങളും ഷീ ലോഡ്ജിന് അനുബന്ധമായി ഒരുക്കും.മുകളിൽ ഒരു നിലകൂടി നർമ്മിച്ച് പദ്ധതി വിപുലികരിക്കാനുള്ള ഒരുക്കങ്ങളും പുരോഗമിക്കുന്നു. ഇതിനാവശ്യമായ പണം എം.പി.ഫണ്ടിൽ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. കട്ടിലും മേശയുമൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ കൂടി ഒരുക്കി അടുത്തമാസം തന്നെ പ്രവർത്തനം ആരംഭിക്കാനാണ് തീരുമാനം.