ഉപേക്ഷിക്കപ്പെട്ട മാതാപിതാക്കളെ സംരക്ഷിക്കാനായി സമഗ്ര പദ്ധതി

കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ഉപേക്ഷിക്കപ്പെട്ട വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാനായി സമഗ്ര പദ്ധതി ആലോചനയില്‍. നഗരത്തിലോ നഗരത്തിന് പുറത്തോ സന്മനസുള്ളവരുടെ സഹായത്തോടെ സംരക്ഷണ കേന്ദ്രം നിര്‍മിക്കാനാണ് ആലോചന. ഇതിനായി മുന്‍കൈ എടുക്കുമെന്ന് എം.കെ. മുനീര്‍ എം.എല്‍എ ഉറപ്പു നല്‍കി.  

ഉപേക്ഷിക്കപ്പെട്ട 24 പേരില്‍ മൂന്നു പേരെയാണ് വിവിധ സംഘടനകള്‍ ഇതുവരെ ഏറ്റെടുത്തത്. മറ്റുള്ളവരുടെ അവസ്ഥ അതി ദയനീയമായി തുടരുകയാണ്. ബന്ധുക്കളോട് സംസാരിച്ചപ്പോഴും ഇവരെ ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന ക്രൂരമായ മറുപടിയാണ് കേട്ടത്. ഈ സാഹചര്യത്തിലാണ് ഉപേക്ഷിക്കപ്പെട്ട വൃദ്ധരായ മാതാപിതാക്കള്‍ക്ക് വേണ്ടി പ്രത്യേക പദ്ധതി ഒരുക്കുന്നത്. സന്മനസുള്ളവരുടെ സഹായത്തോടെ സംരക്ഷണ കേന്ദ്രം നിര്‍മിക്കും. ഇതിനായി സ്ഥലം കണ്ടെത്തികൊടുക്കണം. അതിന് ജില്ലാ ഭരണകൂടത്തിന്‍റെ സഹായം തേടും. 

എന്നാല്‍ ഭൂരിഭാഗം മാതാപിതാക്കളും സംരക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറാന്‍ കൂട്ടാക്കുന്നില്ല എന്നതാണ് പ്രതിസന്ധി. മറിച്ച് ആശുപത്രിയില്‍ നിന്ന് അവര്‍ പോകാന്‍ ആഗ്രഹിക്കുന്നത് മക്കളുടേയോ ബന്ധുക്കളുടേയോ വീടുകളിലേയ്ക്കാണ്. മക്കളും ബന്ധുക്കളും മുഖം തിരിക്കുന്ന സാഹചര്യത്തില്‍ ഇവരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി സംരക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റാനാകും ശ്രമം.