രോഗികളെ വലച്ച് ഡോക്ടറുടെ സ്ഥലംമാറ്റം

മഞ്ചേരി മെഡിക്കല്‍ കോളജിലെ ഹൃദ്രോഗവിദഗ്ധനെ പാലക്കാട്ടേക്ക് സ്ഥലം മാറ്റിയതോടെ പുതുതായി അനുവദിച്ച കത്ത്്ലാബിന്റെ ഭാവി അനിശ്ചിതത്വത്തിലായി.. മെഡിക്കല്‍ കോളജില്‍ നിലവിലുളള ടി.എം.ടി, എക്കോ സംവിധാനങ്ങളും ഇപ്പോള്‍ നോക്കുകുത്തിയാണ്. 

മലപ്പുറം ജില്ലയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ആകെയുളള ഹൃദ്രോഗവിദഗ്ധനെ മാറ്റിയതറിയാതെ നൂറു കണക്കിന് രോഗികളാണ് ചികില്‍സതേടി എത്തുന്നത്. മെഡിക്കല്‍ കോളജില്‍ ഇനിയൊരു ഹൃദ്രോഗ വിദഗ്ധനെ എന്നു പ്രതീക്ഷിക്കാമെന്നുപോലും ആശുപത്രി അധികൃതര്‍ക്ക് മറുപടിയില്ല. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരു ഹൃദ്രോഗവിദഗ്ധനെങ്കിലും വേണ്ടേ എന്ന ചോദ്യത്തിനും ഉത്തരമില്ല.

കോടിക്കണക്കിന് രൂപ ചിലവഴിച്ചു സ്ഥാപിച്ച ഹൃദയപരിശോധനക്കുളള  ഉപകരണങ്ങളെല്ലാം ഉപയോഗശൂന്യമായി. പുതുതായി അനുവദിച്ച കാത്ത്്ലാബിന്റെ ഭാവിയെക്കുറിച്ചും ആശങ്കയുണ്ട്. മഞ്ചേരിയില്‍ നിന്ന് പാലക്കാടിന് സ്ഥലം മാറ്റിയ ഹൃദ്രോഗവിദഗ്ധന്‍ ഡോ.ഹസന്‍ ജഷീല്‍ അവധിയിയില്‍ പ്രവേശിച്ചതോടെ സേവനം ഇരു ജില്ലകള്‍ക്കും ഇല്ലാതായി.