കോഴിക്കോട് വാഹനക്കുരുക്കിന് പരിഹാരമായി പാര്‍ക്കിങ് പ്ലാസകള്‍

കോഴിക്കോട് നഗരത്തിലെ വാഹനക്കുരുക്കിന് പരിഹാരമായി പാര്‍ക്കിങ് പ്ലാസകള്‍ വരുന്നു. കിഡ്സണ്‍ കോര്‍ണറിലും സ്റ്റേഡിയത്തിനു സമീപവുമാണ് ബി.ഒ.ടി അടിസ്ഥാനത്തില്‍ പാര്‍ക്കിങ് പ്ലാസകള്‍ പണിയുന്നത്. ഇതിന് കോര്‍പ്പറേഷന്‍ പ്രാഥമിക അനുമതി നല്‍കിക്കഴിഞ്ഞു.

നഗരത്തിലെത്തുന്നവര്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയാതെ വിഷമിക്കുകയാണ്. ഇതു മറികടക്കാനാണ് പാര്‍ക്കിങ് പ്ലാസകള്‍ നിര്‍മ്മിക്കുന്നത്. മിഠായിത്തെരുവിലൂടെയുള്ള ഗതാഗതം നിരോധിച്ചതോടെ സ്ഥിതി രൂക്ഷമായി. ഇതിനു പരിഹാരമായാണ് കിഡ്സണ്‍ കോര്‍ണറില്‍  280 കാറുകൾ പാർക്ക്  ചെയ്യാവുന്ന കെട്ടിടം നിര്‍മ്മിക്കുന്നത്.  30 കോടി രൂപയാണു ചെലവ് കണക്കാക്കുന്നത്. സ്ഥലത്ത് നിലവിലുള്ള കോർപറേഷൻ കെട്ടിടം പൊളിച്ചാണ് പാർക്കിങ് പ്ലാസ പണിയുക.  

ഈ കെട്ടിടത്തിലെ കച്ചവടക്കാർക്കുള്ള പുനരധിവാസവും പുതിയ കെട്ടിടത്തിലൊരുക്കും. സ്റ്റേഡിയം പാർക്കിങ് പ്ലാസയുടെ നിർമാണച്ചെലവ് 34.41 കോടിയാണ്. ഞെളിയൻപറമ്പിൽ മാലിന്യത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്ലാന്റ് സ്ഥാപിക്കുന്നതിനായി കോർപറേഷൻ ഉടമസ്ഥതയിലുള്ള 12.67 ഏക്കർ സ്ഥലം കെഎസ്ഐഡിസിക്കു 27 വർഷത്തെ പാട്ടത്തിനു വിട്ടുനൽകാനും കൗൺസിൽ തീരുമാനിച്ചു.  സെൻട്രൽ മാർക്കറ്റിൽ കോർപറേഷൻ സ്ഥാപിച്ച ബയോ ഗ്യാസ് പ്ലാന്റിന്റെ പ്രവർത്തനം  നിലച്ചത് കൗൺസിലിൽ  ബഹളത്തിനിടയാക്കി.

കനോലി കനാലിന്റെ നവീകരണം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ഇടിഞ്ഞിടങ്ങളില്‍ മതിലുകള്‍ പുതുക്കിപണയണെന്നും ആവശ്യമുയര്‍ന്നു. ഇക്കാര്യം  ജലസേചന വകുപ്പിനെ ഏല്‍പ്പിക്കാനാണ് കൗണ്‍സില്‍ തീരുമാനം