ദുരിതാശ്വാസ നിധിയിലേക്ക് പണംകണ്ടെത്താന്‍ ബാലുശ്ശേരിയില്‍ ജനകീയ പണപയറ്റ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണംകണ്ടെത്താന്‍ കോഴിക്കോട് ബാലുശ്ശേരിയില്‍ ജനകീയ പണപയറ്റ്. ഗ്രാമീണ േമഖലകളിലെ പരസ്പര സഹായ സഹകരണത്തിന്റെ ഏറ്റവും മികച്ച മാതൃകയാണ് പണപയറ്റ്. 

ഒറ്റയ്ക്ക് കൂട്ടിയാല്‍ കൂടാത്ത ആവശ്യങ്ങളാണെങ്കില്‍ ഒരു പണപയറ്റിന് നോട്ടീസടിക്കും,വീടുെവക്കലോ കിണറുകുഴിക്കലോ മക്കളെ കല്യാണമോ അങ്ങനെ ആവശ്യങ്ങളെന്തുമാവട്ടെ പണപയറ്റിന്റെ കുറിയടിച്ചാല്‍ സഹായം ഒഴുകിയെത്തും,അങ്ങനെ സഹായിക്കുക ഒാരോ നാട്ടുകാരന്റെയും കടമയാണ്,ബാലുശ്ശേരി പൂത്തൂര്‍വട്ടത്തെ നാട്ടുകാര്‍ ഇത്തവണ പണപയറ്റിന് നോട്ടീസടിച്ചത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണംകണ്ടെത്താനാണ് .

സാധാരണ പണപയറ്റ് നടത്തുന്നവര്‍ സഹായിച്ചവരുടെ പേരുവിവരങ്ങള്‍ എഴുതിവെക്കും എന്നെങ്കിലും തിരികെ സഹായിക്കാന്‍ വേണ്ടിയൊരു കണക്ക് സൂക്ഷിക്കും.പക്ഷെ ഇത്തവണ തിരിച്ചൊന്നും പ്രതീക്ഷിക്കാതെയാണ് ജനകീയ പണപയറ്റിലേക്ക് നൂറും അഞ്ഞൂറും ആയിരവുമൊക്കെയായി നാട്ടുകാരെത്തിയത്.പണപയറ്റിലൂടെ കിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് നിക്ഷേപിക്കാനാണ് തീരുമാനം.