വയനാട് ജില്ലയിലെ ആദിവാസി കോളനികൾ ഇപ്പോഴും ദുരിതത്തിൽ

ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും തിരിച്ചെത്തി ദിവസങ്ങളായിട്ടും വയനാട് ജില്ലയിലെ പല ആദിവാസി കോളനികളിലും ഇപ്പോഴും ദുരിതമാണ്. പ്രളയം കനത്ത നാശം വരുത്തിയ പനമരം പരക്കുനി കോളനിയില്‍ കുടുംബങ്ങള്‍ക്ക് കിടന്നുറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയാണ്.

എല്ലാ മഴക്കാലത്തും പനമരത്തെ പരക്കുനി കോളനി വെള്ളത്തിനടിയിലാകാറാണ് പതിവ്. ഇത്തവണ പക്ഷെ സ്ഥിതി അതീവ രൂക്ഷമായി. രണ്ടാഴ്ചയോളം പനമരം ഹൈസ്കൂളില്‍ പ്രവര്‍ത്തിച്ചിരുന്ന ക്യാമ്പിലായിരുന്നു ഇവിടുത്തെ കുടുംബങ്ങള്‍.വീട്ടിലെ പ്രധാനപ്പെട്ട വസ്തുക്കളെല്ലാം പ്രളയകാലത്ത് ഒലിച്ചുപോയി. പല വീടുകളും ഭാഗികമായി തകര്‍ന്നു കിടക്കുകയാണ്.

ക്യാമ്പില്‍ നിന്ന് തിരിച്ചത്തി ഒരാഴ്ചയായിട്ടും ജീവിതം സാധാരണ നിലയിലായിട്ടില്ല. വെറും നിലത്താണ് കുടുംബങ്ങള്‍ ഉറങ്ങുന്നത്. വിദ്യാര്‍ഥികളുടെ അവസ്ഥയും ദയനീയമാണ്. അമ്പതോളം കുടുംബങ്ങള്‍ കോളനിയിലുണ്ട്.

കുടിവെള്ളത്തിനും ക്ഷാമം നേരിടുന്നുണ്ട്. പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ പോലും കോളനിയില്‍ വേണ്ടത്ര സജ്ജീകരണങ്ങളില്ല. തൊഴിലില്ലാത്തതും കനത്ത തിരിച്ചടിയാണ്.